കരുവന്നൂർ കേസ്: സിപിഐഎം അരവിന്ദാക്ഷനൊപ്പം, വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്ന് എം വി ഗോവിന്ദൻ


തൃശൂർ: കരുവന്നൂ‍ർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലുള്ള പ്രതികാര നടപടിയാണ് ഈ അറസ്റ്റ്. എ സി മൊയ്‌തീനിലേക്ക് മാത്രമല്ല ആരിലേക്കും ഇഡി എത്താം. വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അരവിന്ദാക്ഷന് പൂർണ്ണ പിന്തുണ അറിയിച്ച് സിപിഐഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസും രം​ഗത്തെത്തി. അരവിന്ദാക്ഷന് പാർട്ടി സംരക്ഷണം ഒരുക്കും. നിയമ സാധ്യതകൾ തേടും. ബിജെപി പറയുന്ന ആളുകളെ ഇഡി അറസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ നടക്കുന്നത്. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്.

അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളി ആകുന്നില്ല. എ സി മൊയ്തീനെയും അനൂപ് ഡേവിസ് കാടയെയും എം കെ കണ്ണനെയുമെല്ലാം ചോദ്യം ചെയ്യുന്നുണ്ട്. അവരൊന്നും പ്രതികളല്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഇടി തടസ്സപ്പെടുത്തുകയാണ്. സിപിഐഎം ഇതിനെ ശക്തമായി പ്രതിരോധിക്കും. ഒക്ടോബർ 14ന് സിപിഐഎം കാൽനട ജാഥ നടത്തുമെന്നും എം എം വർഗീസ് പറഞ്ഞു.
أحدث أقدم