രണ്ടാം വന്ദേ ഭാരത് കൊച്ചുവേളി വരെ; മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സർവീസ്; പ്രചാരണങ്ങൾ തള്ളി റെയിൽവേ വൃത്തങ്ങൾ



തിരുവനന്തപുരം: പാലക്കാട് ഡിവിഷന് ലഭിച്ച കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് മംഗളൂരുവിൽനിന്ന് കൊച്ചുവേളി (തിരുവനന്തപുരം) യിലേക്ക് സർവീസ് നടത്തുമെന്ന് റിപ്പോർട്ട്. പാലക്കാട് ഡിവിഷന്‍റെ മേൽനോട്ടത്തിലാകും രണ്ടാമത്തെ വന്ദേ ഭാരത് സർവീസ്. മംഗളൂരു സെൻട്രലിലെ മെയിന്‍റനൻസ് ലൈൻ തയ്യാറായാൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഓൺമനോരമയാണ് റിപ്പോർട്ട് ചെയ്തത്. മംഗളൂരു സെൻട്രൽ സ്റ്റേഷനിലെ മൂന്ന് പിറ്റ് ലൈനുകളിൽ ഒന്നായ അത്താവർ എൻട്രി സൈഡിൽ ഓവർഹെഡ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ (ഒഎച്ച്ഇ) ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയായിവരികയാണ്. വന്ദേ ഭാരതിന് മാത്രമായുള്ള പിറ്റ് ലൈനിലെ ജോലികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. 'പിറ്റ് ലൈൻ ജോലികൾ പൂർത്തിയായാലുടൻ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. 10 ദിവസത്തിനുള്ളിൽ തന്നെ ഇതുണ്ടായേക്കും.' മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വന്ദേ ഭാരത് സർവീസിനുള്ള ജീവനക്കാരുടെ സ്പെഷ്യൽ ട്രെയിനിങ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് മൂന്നാംവാരത്തോടെ തന്നെ ഇത് ആരംഭിച്ചിരുന്നു.


എന്നാൽ പാലക്കാട് റെയിൽവേ ഡിവിഷനിലെ ഉദ്യോഗസ്ഥർ ഫ്ലാഗ് ഓഫുമായും റൂട്ടുമായും ബന്ധപ്പെട്ട കാര്യങ്ങൾ പ്രതികരിച്ചിട്ടില്ല. ഐസിഎഫിൽ നിർമ്മിച്ച 31ാമത് റേക്ക് പാലക്കാട് ഡിവിഷന് ആണെന്നത് മാത്രമേ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് ഇവർ പറയുന്നത്. എട്ട് കോച്ചുള്ള റേക്കാണിത്. ട്രെയിൻ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ പറയാൻ കഴിയൂവെന്നും പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. പാലക്കാടിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ ചെന്നൈ ബേസിൻ ബ്രിഡ്ജ് യാർഡിലാണുള്ളത്. മംഗലാപുരത്തിനും തിരുവനന്തപുരത്തിനും ഇടയിലാണ് ഇത് സർവീസ് നടത്തുകയെന്നും ചെന്നൈയിലെ ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
أحدث أقدم