കൊല്ലം: അച്ചന്‍കോവില്‍ വനമേഖലയില്‍ ചാക്കില്‍കെട്ടിയ നിലയിൽ ആനക്കൊമ്പ് കണ്ടെത്തിയ കേസില്‍ അഞ്ചുപേര്‍ പിടിയില്‍. വനവിഭവങ്ങള്‍ ശേഖരിക്കുന്ന സംഘത്തില്‍പ്പെട്ട ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച അച്ചന്‍കോവിലാറിന്റെ തീരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ആനക്കൊമ്പ് കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിലുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. പ്രദേശവാസികളായ പ്രസാദ്, ശ്രീജിത്ത്, ശരത്, അനീഷ്, കുഞ്ഞുമോന്‍ എന്നിവരാണ് പിടിയിലായത്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലെത്തിയപ്പോള്‍ കണ്ട ചെരിഞ്ഞ ആനയുടെ കൊമ്പെന്നാണ് പ്രതികളുടെ മൊഴി. കൊമ്പുകള്‍ പ്രതികളിലൊരാളായ പ്രസാദ് വീട്ടില്‍ സൂക്ഷിച്ചു. വനംവകുപ്പ് അന്വേഷണം തുടങ്ങിയതോടെ കൊമ്പ് ഉപേക്ഷിക്കുന്നതിനായി ശരത്തിനെ ഏല്‍പ്പിച്ചു. ഇതില്‍ ഒരെണ്ണം അച്ചന്‍കോവില്‍ തീരത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. വീട്ടില്‍ സൂക്ഷിച്ച മറ്റൊരു കൊമ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ
കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ചെരിഞ്ഞ ആനയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് ശ്രമമെന്നും പൊലീസ് പറഞ്ഞു.