ചാണകസോപ്പ് ഉപയോഗിക്കുന്നതിനാല്‍ ചര്‍മരോഗമില്ലെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി


 
മുംബൈ: മുപ്പതുവര്‍ഷമായി പശുവിന്‍ ചാണകത്തിന്റെ സോപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ ചര്‍മരോഗങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസമന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍. പൂനെയില്‍ മഹാരാഷ്ട്ര ഗോസേവ കമ്മീഷന്‍ ആസ്ഥാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പശുവിന്‍ ചാണകം പുകയ്ക്കുന്ന പരിപാടി ജര്‍മ്മനിയടക്കം പല രാജ്യങ്ങളിലുമുണ്ട്. അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനാണിത്. അര്‍ബുദ ചികിത്സയ്ക്ക് ഗോമൂത്രമുപയോഗിക്കാമെന്നുവരെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അധികമാര്‍ക്കും അതേക്കുറിച്ചറിയില്ലെന്നും പൂനെ ജില്ലയുടെ രക്ഷാധികാരി മന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു.

ചാണകം പുകച്ചുകൊണ്ടാണ് രാജ്യത്തെ കോടിക്കണക്കിന് വീടുകളില്‍ ആളുകള്‍ തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പശുവിന്‍ ചാണകത്തിന് ഏറെ ആവശ്യക്കാരുണ്ട്.

പശുവിന്‍ ചാണകസോപ്പ് ഉപയോഗിച്ചാല്‍ ചര്‍മരോഗമുണ്ടാകില്ലെന്നുമാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാകും. കോവിഡ് സമയത്ത് സംസ്ഥാനത്തുടനീളം സഞ്ചരിക്കേണ്ടിവന്നപ്പോഴും ഒരു ചര്‍മരോഗവും പിടിപെടാതിരുന്നത് ഇതുകാരണമാണെന്നും മന്ത്രി പറഞ്ഞു.

 ചാണകം, മൂത്രം, പാല്‍ തുടങ്ങി പശുവിന്റെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുകയെന്നത് ലക്ഷ്യം വച്ചാണ് ഗോസേവ കമ്മീഷന്‍ രൂപീകരിച്ചതെന്നും എല്ലാം സംസ്ഥാനങ്ങളിലും ഇത് രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

أحدث أقدم