മാലയിട്ട് വ്രതമെടുത്തു; ഇരുമുടിക്കെട്ട് നിറച്ച് ശബരിമല പതിനെട്ടാം പടി ചവിട്ടി ഫാ. മനോജ്



പത്തനംതിട്ട: മണ്ഡല വൃതമെടുത്ത് മല ചവിട്ടി അയ്യപ്പ ദർശനം നടത്തി തത്വമസിയുടെ പൊരുളറിഞ്ഞ് വൈദികൻ. എതിർപ്പുകളെ തുടർന്ന് സഭയുടെ അംഗീകാരമായ പട്ടം അഴിച്ചുവെച്ചാണ് ആംഗ്ളിക്കൻ സഭ പുരോഹിതൻ ഫാ. ഡോ. മനോജ് കറുപ്പുടുത്ത് കന്നി അയ്യപ്പനായി ശബരിമലയിലെത്തി പതിനെട്ടാം പടി കയറിയത്.തിരുവനന്തപുരം തിരുമല ക്ഷേത്രത്തിൽ മാലയിട്ട് വ്രതം ആരംഭിച്ച മനോജ് അവിടെ നിന്ന് തന്നെ ഇരുമുടിക്കെട്ടുനിറച്ചായിരുന്നു യാത്ര. ശിവഗിരിയിലും പന്തളത്തും എരുമേലിയിലും ദർശനം നടത്തി വൃക്ഷത്തൈകൾ നട്ട ശേഷമാണ് പമ്പയിൽ എത്തിയത്. ആറ് പേര് അടങ്ങുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു ഫാ. മനോജ്. പമ്പയിൽനിന്ന് സന്നിധാനത്തെത്തി പതിനെട്ടാംപടി കയറിയ ഇവരെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് സ്വീകരിച്ചു. തിരുനടയിൽ ഏറെനേരം കൈകൂപ്പി പ്രാർത്ഥിച്ചു.നെയ്യഭിഷേകം നടത്തി. മാളികപ്പുറത്ത് അമ്മയെയും വണങ്ങി തേങ്ങ ഉരുട്ടി അരിയും നിവേദിച്ചു.

സന്നിധാനം മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും മനോജിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സന്നിധാനം മേൽശാന്തിയുടെ മുറിയിലിരുന്ന് ഐതിഹ്യങ്ങളും പൂജാ വിധികളും മൂവരും ചർച്ചചെയ്തു. മേൽശാന്തിമാർ നൽകിയ പ്രസാദം സ്വീകരിച്ചാണ് ഫാ.മനോജ് പടിയിറങ്ങിയത്.41 നാൾ വ്രതമെടുത്തായിരുന്നു ഫാ. മനോജിന്‍റെ ശബരിമല യാത്ര. പരിസ്ഥിതി പ്രവർത്തകരായ ശബരിനാഥ്, അമ്മ ജ്യോതി, റെസിൻ, ജ്യോതിഷ്, അഭിലാഷ്, അഭിഷേക് എന്നിവരാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. എല്ലാ മതങ്ങളെയും കുറിച്ച് പഠനം നടത്തുകയാണ് ലക്ഷ്യമെന്നും പരസ്പര സ്നേഹവും പരിസ്ഥിതി സംരക്ഷണവും എന്നതായിരുന്നു യാത്രയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യാത്ര നടത്തുമെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് പള്ളിയിൽ ശുശ്രൂഷ നടത്താനുള്ള ഫാ. മനോജിന്‍റെ ലൈസൻസും കാർഡുകളും ആംഗ്ളിക്കൻ സഭ തിരിച്ചെടുത്തിരുന്നു.
أحدث أقدم