തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേന്ദ്ര ഏജന്‍സി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ക്രൈംബ്രാഞ്ച് കാര്യക്ഷമമായി അന്വേഷണം നടത്തുമ്പോള്‍, പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി ഇടപെടുകയായിരുന്നു എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിന് നേരെയുള്ള ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കണ്ടത്. അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അല്ല ആദ്യം അന്വേഷണം നടത്തി കാര്യങ്ങള്‍ കണ്ടെത്തിയത്. ക്രമക്കേട് തടയാനായി 50 വര്‍ഷം മുന്‍പുള്ള നിയമനം പരിഷ്‌കരിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയടലാണ് ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നില്ലേയെന്ന് സംശയിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ബാങ്കിങ് തട്ടിപ്പുകളെ കുറിച്ച് നിസംഗത പാലിക്കുന്ന ഏജന്‍സികള്‍ ഇവിടെ വല്ലാത്ത ഉല്‍സാഹം കാണിക്കുകയാണ്.- അദ്ദേഹംപറഞ്ഞു.
വലിയ പാത്രത്തിലെ ചോറിലെ കറുത്ത വറ്റ് എടുത്തിട്ട് ചോറ് മൊത്തത്തില്‍ ആകെ മോശമാണെന്ന് പറയാന്‍ പറ്റുമോ? കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവനയാണ് ചെയ്യുന്നത്. വഴിവിട്ട് സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ നടപടി വേണമെന്ന് ഒരു സംശയമില്ല. സഹകരണ രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 16,255 സഹകരണ സംഘങ്ങളുണ്ട്. ഇതിലെല്ലാം കൃത്യമായ പരിശോധന നടക്കുന്നുണ്ട്. 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. 1.5 ശതമാനത്തില്‍ താഴെയാണ് സഹകരണ സംഘങ്ങളിലെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. സഹകരണ മേഖല മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സഹകരണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
സഹകരണ മേഖല ചിലരുടെ മനസ്വാസ്ഥ്യം കെടുത്തുന്ന ഒന്നായി കുറച്ചുനാള്‍ക്ക് മുന്നേ മാറിയിട്ടുണ്ട്. അതിന്റെ ഭാഗമായി സഹകരണ മേഖലയെ തര്‍ക്കുക എന്നതാണ് ലക്ഷ്യം, ഇപ്പോള്‍ തുടങ്ങിയതല്ല. നോട്ട് നിരോധനത്തിന്റെ കാലത്ത് കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന പ്രചാരണം നടന്നു. പക്ഷേ സഹകാരികള്‍ എല്ലാംകൂടി ഒറ്റക്കെട്ടായി നിന്ന് അതിനെ പ്രതിരോധിച്ചു. ഒരു പ്രത്യേക ഉന്നത്തോടെ മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടക്കുന്നുണ്ട്. ഇവിടെ മൊത്തം അഴിമതിയാണ്, രക്ഷിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങി പരിശോധിച്ച് ശുദ്ധീകരിക്കണം എന്ന പ്രചാരണമാണ് നടക്കുന്നത്'- അദ്ദേഹം പറഞ്ഞു.