ഷൊർണൂർ ഇരട്ടക്കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി; കവര്‍ച്ചാശ്രമത്തിനിടെ നടന്ന ക്രൂരകൃത്യമെന്ന് പോലീസ്



പാലക്കാട്: ഷൊർണൂർ കവളപ്പാറയിലെ വൃദ്ധ സഹോദരിമാരുടെ കൊലപാതകത്തില്‍ പ്രതി മണികണ്ഠനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രതിയെ തെളിവെടുപ്പിനായെത്തിച്ചത്. ഷൊർണൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് ഷൊർണൂർ പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ഷൊർണൂർ കവളപ്പാറയിലെ നീലാമലകുന്നിൽ വൃദ്ധ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീലാമലക്കുന്ന് സ്വദേശികളും സഹോദരിമാരുമായ തങ്കം, പത്മിനി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൃത്താല സ്വദേശി മണികണ്ഠൻ (48) ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.സംഭവത്തെകുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പത്മിനിയുടെ വീട്ടിൽ പ്രതി മണികണ്ഠൻ എത്തിയത്. ഏറെ നേരം ഇയാൾ പത്മിനിയുമായി സംസാരിച്ചു. ഉച്ചഭക്ഷണം കഴിച്ചശേഷം മണികണ്ഠൻ പത്മിനിയോട് പണവും സ്വർണവും ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു.
പത്മിനിയുമായുള്ള തർക്കത്തിന്റെ ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരി തങ്കം അവിടേക്ക് ഓടിയെത്തി. തങ്കത്തിന്റെ കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ സഹോദരിമാർ രണ്ടുപേരും ചേർന്ന് മണികണ്ഠനെ തള്ളിയിട്ടു. ഈ സമയം വീടിനകത്ത് ഉണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് രണ്ടുസഹോദരിമാരെയും മണികണ്ഠൻ അടിച്ചു. ഇതിനുശേഷം അടുക്കളയിലെ ഗ്യാസ് സിലിന്‍ഡർ തുറന്ന് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സഹോദരിമാരിൽനിന്ന് കവർന്ന സ്വർണാഭരണങ്ങൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് പ്രതി മണികണ്ഠൻ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാർ ഇയാളെ പിടികൂടുന്നത്. കവര്‍ച്ചാശ്രമത്തിനിടെയാണ് സഹോദരിമാരെ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ട് പ്രതി മണികണ്ഠൻ കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു.
أحدث أقدم