ജാഗ്രതാ നിര്‍ദേശം നല്‍കി; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍കൂടി മഴ തുടരും



റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകടസാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.



കനത്ത ചൂടില്‍ നിന്ന് തണുപ്പിലേക്ക് മാറുന്നതിന്റെ മുന്നോടിയായി വലിയ തോതില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രകടമാവുമെന്ന് നേരത്തേ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു. ജിസിസി മേഖലയില്‍ ഓരോ വര്‍ഷവും താപനിലയില്‍ ശരാശരി ഒരു ഡിഗ്രി വര്‍ധനയുണ്ടാവുന്നുണ്ട്.
മക്ക, അസീര്‍, ജിസാന്‍, അല്‍ബഹ എന്നീ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടത്തരം മുതല്‍ കനത്ത മഴയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ആലിപ്പഴ വര്‍ഷവുമുണ്ടാകും. പൊടിപടലങ്ങള്‍ ഇളക്കിവിടുന്ന തരത്തില്‍ വേഗതയേറിയ കാറ്റുണ്ടാകുമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മക്ക ഗവര്‍ണറേറ്റിലെ ത്വാഇഫ്, അല്‍ജുമും, ബഹ്‌റ, ഖുന്‍ഫുദ, അല്ലീത്ത്, അല്‍കാമില്‍, ഖുലൈസ്, മെയ്‌സാന്‍, അദം, അല്‍അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ മഴയുണ്ടാവും. തുര്‍ബ, മദീന, നജ്‌റാന്‍ മേഖലകളിലും മഴയുണ്ടാകും.

റിയാദ് മേഖലയില്‍ വാദി അല്‍ദവാസിര്‍, സുലൈയില്‍, അല്‍ ഖുവൈയ്യ, അഫീഫ്, അല് അഫ്‌ലാജ്, അല്‍മുവായ്, അല്‍ ഖുര്‍മ, റാനിയ എന്നിവിടങ്ങളില്‍ സജീവമായ പൊടിക്കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നുണ്ട്.

ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന പ്രവിശ്യയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ കാഴ്ച മറയ്ക്കുന്ന രീതിയില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണം.

കഴിഞ്ഞ ദിവസങ്ങളില്‍ മഴ വര്‍ഷിച്ചെങ്കിലും പല പ്രദേശങ്ങളിലും അത്യുഷ്ണം തുടരുകയാണ്. മക്കയിലും മദീനയിലും 44 ഡിഗ്രിയാണ് ഉയര്‍ന്ന താപനില. റിയാദ്, ബുറൈദ, ജിസാന്‍ എന്നിവിടങ്ങളില്‍ 41 ഉം ജിദ്ദയില്‍ 38 ഡിഗ്രിയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി.

ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താഴ്‌വരകള്‍, തോടുകള്‍, ചതുപ്പുകള്‍, വെള്ളക്കെട്ട് ഉണ്ടാവുന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശനം പാടില്ല. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നീന്താതിറങ്ങരുതെന്നും അറിയിപ്പില്‍ പറയുന്നു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചു.


أحدث أقدم