കൊല്ലകടവിൽ ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞു കാണാതായ മൂന്ന് വയസുകാരൻറെ മൃതദേഹം കണ്ടെത്തി

മാവേലിക്കരയിൽ നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് കാണാതായ മൂന്ന് വയസുകാരൻറെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ, ആലപ്പുഴ നിലയങ്ങളിൽ നിന്നും എത്തിയ സ്കൂബ ഡൈവേഴ്സും മാവേലിക്കര നിലയത്തിലെ ജീവനക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 07. 30ഓടെ ആണ് മൃതദേഹം കിട്ടിയത്.അപകടത്തിൽ കുട്ടിയുടെ അമ്മ ആതിര മരിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം ഉണ്ടായത്. മാവേലിക്കരയിലെ ആശുപത്രിയിൽ പോയി ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

ആതിരയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ ആറ്റിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വെണ്മണി സ്വദേശി ആതിര മരിക്കുകയും മകൻ കാശിനാഥനെ കാണാതാവുകയും ആയിരുന്നു. മറ്റു മൂന്നു പേരെയും രക്ഷപ്പെടുത്തി. നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആതിരയുടെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടസ്ഥലം മാവേലിക്കര എംഎൽഎ എം .എസ് അരുൺകുമാർ മന്ത്രി സജി ചെറിയാൻ എന്നിവർ സന്ദർശിച്ചു.
أحدث أقدم