ഒരു മരണം; വീടുകള്‍ അതിവേഗം ഒഴിപ്പിക്കുന്നു; ഫ്യുണറലുകള്‍ റദ്ദാക്കി; 10,000 വീടുകളില്‍ വൈദ്യുതിയില്ല; പെയ്യുന്നത് 220 മില്ലിമീറ്റര്‍ വരെ മഴ; മണിക്കൂറില്‍ 80 മൈലില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്; നാശം വിതച്ച് സ്റ്റോം ബാബറ്റ് ബ്രിട്ടനില്‍ ആഞ്ഞടിക്കുന്നു



 അന്‍പത്തേഴുകാരിയായ ഒരു വനിതയുടെ ജീവനെടുത്തുകൊണ്ട് ബ്രിട്ടനില്‍ ബാബറ്റ് കൊടുങ്കാറ്റ് താണ്ഡവമാരംഭിച്ചു. മണിക്കൂറില്‍ 80 മൈല്‍ വേഗതയിലുള്ള ശക്തമായ കാറ്റും കനത്ത മഴയും രാജ്യത്തെ താറുമാറാക്കുന്നതിനിടയില്‍, സ്‌കോട്ട്‌ലാന്‍ഡില്‍ ഒരു നദിയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു ഈ വനിത. പിന്നീട് ആന്‍ഗസില്‍ ഇവരുടെ മൃതദേഹം കണ്ടുകിട്ടി. ഗ്ലെന്‍ എസ്‌കിലെ വാട്ടര്‍ ഓഫ് ലീയില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടുകിട്ടിയത്.


ആന്‍ഗസ്സിലെ ബ്രീക്കിനില്‍ 360 ഓളം വീടുകള്‍ ഒഴിപ്പിച്ചു. അതിനു പുറമെ ബ്രിട്ടനില്‍ ആകമാനമായി 10,000 ഓളം വീടുകളില്‍ വൈദ്യൂതിബന്ധം പൂര്‍ണ്ണമായും വിഛേദിക്കപ്പെട്ടു. ഇതിലും ഗുരുതരമായ സാഹചര്യം വരാന്‍ ഇരിക്കുന്നതേയുള്ളു എന്ന് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റര്‍ ഷോന റോബിന്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ചരിത്രത്തിലെ തന്നെ ഏറ്റവുമധികം മഴയുള്ള ദിവസം ബ്രിട്ടന്‍ അഭിമുഖീകരിച്ചപ്പോള്‍, കിഴക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലെ പലയിടങ്ങളിലും 200 മുതല്‍ 220 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു. ഈ പ്രദേശങ്ങളില്‍ പല വീടുകളും ഒഴിപ്പിക്കേണ്ടതായും വന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ലഭിച്ച മഴയുടെ റെക്കോര്‍ഡിന്റെ സമീപത്ത് ഇന്നലെയെത്തി. 1974 ജനുവരി 17 ന് ബ്യുട്ടിലെ ആര്‍ഗില്‍, സോളി മെയിന്‍ അഡിറ്റില്‍ രേഖപ്പെടുത്തിയ 238 മില്ലിമീറ്റര്‍ മഴയാണ് രാജ്യത്ത് ഇതുവരെ ഒരു ദിവസം ലഭിച്ച മഴയില്‍ ഏറ്റവും കൂടുതല്‍.


കനത്ത മഴയില്‍ നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങള്‍ തകരും എന്ന നിലയെത്തിയപ്പോള്‍ പോലീസിന് ആന്‍ഗസ്, ബെര്‍ക്കീനിലെ ഒരു തെരുവ് പൂര്‍ണ്ണമായും അടച്ചിടേണ്ടതായി വന്നു. സൗത്ത് റിവര്‍, എസ്‌കിനോട് ചേര്ന്നുള്ള റിവര്‍ സ്ട്രീറ്റ് ആയിരുന്നു പോലീസ് പട്രോള്‍ വാഹനങ്ങള്‍ അടച്ചത്. ഈ നിരത്തിലേക്ക് പ്രവേശനമില്ല എന്ന സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചു. അതേസമയം, തീരദേശ സുരക്ഷാ സേനയിലെ അംഗങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടായിരുന്നു.

ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും ചില ഭാഗങ്ങളിലും കനത്ത മഴപെയ്തു. ഇത് പലയിടങ്ങളിലും ഗതാഗത തടസ്സം സൃഷ്ടിച്ചു. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ ആംബര്‍ വാര്‍ണിംഗുകള്‍ നിലനില്‍ക്കുന്നുന്റ്. രാത്രിയോടെ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും മഴ ആരംഭിച്ചു. ഇന്നും പ്രക്ഷുബ്ദമായ കാലാവസ്ഥയായിരിക്കും എന്നാണ് മുന്നറിയിപ്പുള്ളത്. വാരാന്ത്യമാകുമ്പോഴേക്കും കാറ്റിന്റെ ശക്തി ഇനിയും വര്‍ദ്ധിക്കും.


സ്‌കോട്ട്‌ലാന്‍ഡില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് വാര്‍ണിംഗ് കൂടുതല്‍ സ്ഥലങ്ങളിലെക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6 മണി മുതല്‍ നിലവില്‍ വന്ന അതീവ ഗുരുതരമായ റെഡ് വാര്‍ണിംഗ് ഇന്ന് ഉച്ച വരെ നിലനിന്‍ല്‍ക്കുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ഇതിനു മുന്‍പ് ബ്രിട്ടനില്‍ മഴയ്‌ക്കെതീരെ റെഡ് വാര്‍ണിംഗ് വന്നത് 2022 ഫെബ്രുവരിയില്‍ ആയിരുന്നു. അന്ന് യൂനിസ് കൊടുങ്കാറ്റായിരുന്നു ആഞ്ഞടിച്ചത്. എന്നാല്‍, 2015 -ല്‍ ആഞ്ഞടിച്ച ഡെസ്‌മോണ്ട് കൊടുങ്കാറ്റിന് ശേഷം ഇതാദ്യമായിട്ടാണ് സ്‌കോട്ട്‌ലാന്‍ഡില്‍ റെഡ് വാര്‍ണിംഗ് വരുന്നത്.


അതിനിടയില്‍ ബാബറ്റ് കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ തുടങ്ങിയതോടെ വടക്കന്‍ ഇംഗ്ലണ്ടിലും, മിഡ്‌ലാന്‍ഡ്‌സിലും വെയ്ല്‍സിലും മെറ്റ് ഓഫീസ് പുതിയ ആംബര്‍ വാര്‍ണിംഗ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച ഉച്ച മുതല്‍ ശനിയാഴ്ച രാവിലെ 6 മണിവരെ ആയിരിക്കും ഇത് പ്രാബല്യത്തില്‍ ഉണ്ടാവുക. ചിലയിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

أحدث أقدم