ഗർബ നൃത്തത്തിനിടെ ഹൃദയാഘാതം; 10 പേർക്ക് ജീവൻ നഷ്ടമായി, മരിച്ചവരിൽ കുട്ടികളും



അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് പത്തുമരണം. 24 മണിക്കൂറിനിടെയാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ മരിച്ചത്. 13 വയസുള്ള ആൺകുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായിട്ടാണ് മരണങ്ങൾ സംഭവിച്ചത്.ബറോഡയിൽ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽ നിന്നുള്ള പതിനേഴുകാരനും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച അഹമ്മദാബാദ് സ്വദേശിയായ 24കാരൻ നൃത്തത്തിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. കൗമാരക്കാർ മുതൽ മധ്യവയസ്‌കർ വരെയുള്ളവർക്കാണ് ജീവൻ നഷ്ടമായത്.മരിച്ചവരെല്ലാം ഗുജറാത്തിൽ നിന്നുള്ളവരാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് എമർജൻസി ആംബുലൻസ് നമ്പറായ 108ലേക്ക് 521 ഫോൺ കോളുകളാണ് ലഭിച്ചത്. ഗർബ ആഘോഷങ്ങൾ സാധാരണയായി നടക്കുന്ന വൈകുന്നേരം ആറിനും പുലർച്ചെ രണ്ടിനും ഇടയിലാണ് എമർജൻസി നമ്പരിലേക്ക് കോളുകൾ എത്തിയത്.ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകി. ഗാർബ വേദികൾക്ക് സമീപമുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും (സിഎച്ച്‌സി) സംസ്ഥാന സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകാനുള്ള നിർദേശം ആംബുലൻസ് സർവീസുകൾക്ക് നൽകി. ഗർബ നൃത്തം നടക്കുന്ന വേദികൾക്ക് സമീപം ഡോക്ടർമാരുടെയും ആംബുലൻസുകളുടെ സൗകര്യം ഉറപ്പാക്കണം. പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ഗാർബ സംഘാടകർ നടപടികൾ സ്വീകരിച്ചു.
أحدث أقدم