വിവാഹത്തിന് നാട്ടിലെത്തുമെന്ന് അറിയിച്ചു; യുവാവ് വിദേശത്ത് അപ്രത്യക്ഷനായിട്ട് 10 ദിവസം; എന്ത് ചെയ്യണമെന്ന് അറിയാതെ വീട്ടുകാര്‍



തിരുവനന്തപുരം: വിദേശത്തുള്ള മകന്‍ അടുത്ത ദിവസം നാട്ടിലെത്തുമെന്ന ഫോണ്‍ സന്ദേശം ലഭിച്ച് ദിവസം ഒന്‍പത് കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് ഒരു വിവരവുമില്ല. യുഎഇയിലെ ദുബായ് അജ്മാനില്‍ ജോലി നോക്കുന്ന തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ പരേതനായ മുഹമ്മദ് ഷാ, ലൈല ദമ്പതികളുടെ മകന്‍ സലിം ഷാ (27) യെക്കുറിച്ച് കഴിഞ്ഞ 10 ദിവസമായി ഒരു വിവരവുമില്ല.ഈ മാസം 17 ന് ആണ് സലിം ഷാ അവസാനമായി ബന്ധുക്കളെ ഫോണ്‍ ചെയ്തത്. ബന്ധുക്കളെ ഫോണ്‍ വിളിച്ചതിനൊപ്പം, സലിം ഷാ നവംബര്‍ 12ന് വിവാഹം കഴിക്കാന്‍ നിശ്ചയിച്ച് ഉറപ്പിച്ചുവെച്ച പെണ്‍കുട്ടിയെയും ഫോണില്‍ ബന്ധപ്പെട്ടിരിന്നു. 17 ന് രാത്രി 10 മണിക്കാണ് പെണ്‍കുട്ടിയുമായി സലിം ഷാ അവസാനമായി ഫോണില്‍ സംസാരിച്ചത്. താന്‍ നാളെ നാട്ടിലെത്തുമെന്നും ഇനി തന്നെ വിളിച്ചാല്‍ കിട്ടില്ലെന്നും നാട്ടില്‍ എത്തിയിട്ട് കാണാമെന്നും പെണ്‍കുട്ടിയോട് സലിം ഷാ പറഞ്ഞു.എന്നാല്‍, പിറ്റേ ദിവസം സലിം നാട്ടിലെത്താത്തതോടെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അജ്മാനിലും ദുബായിലുമുള്ള സലിം ഷായുടെ ബന്ധുക്കള്‍ ഇയാളെക്കുറിച്ച് അവിടെ അന്വേഷിച്ചിട്ടും യാതൊരു വിവരവും ഇതുവരെയും ലഭ്യമായിട്ടില്ല. നിലവില്‍ അജ്മാനില്‍ ജോലി ചെയ്യുന്ന സലിം ഷായുടെ അനുജന്‍ അജ്മാന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.സലിം ഷാ ജോലി ചെയ്ത് എന്ന് പറയുന്ന കമ്പനിയില്‍ മാസങ്ങളായി ഇയാള്‍ ജോലിയ്ക്ക് വരുന്നില്ലന്നും ഇതേതുടര്‍ന്ന് കമ്പനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്. നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കളുടെ മുഴുവന്‍ ഫോണ്‍ നമ്പറുകളും സലിം ഷായുടെ ഫോണില്‍ നിലവില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നവംബര്‍ 12ന് പുതുക്കുറുച്ചി സ്വദേശിനിയായ 21 കാരിയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.


അതിനുള്ള മുന്നൊരുക്കങ്ങളും വധുവിന്‍റെ വീട്ടുകാര്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് സലിം ഷായുടെ വിവരങ്ങളൊന്നും ഇല്ലാതാകുന്നത്. അജ്മാന്‍ സനയില്‍ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ജോലി ചെയ്ത് വരുകയായിരുന്നു സലിം ഷാ എന്നും കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കമ്പനിയുമായുള്ള പ്രശ്‌നത്തില്‍ ജോലിയില്‍ പ്രവേശിക്കാതെ മാറി നിന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും കമ്പനിയിലെത്തിയ യുവാവ് വിവാഹത്തിനായി നാട്ടിലേയ്ക്ക് വരാന്‍ പാസ്‌പോര്‍ട്ട് വാങ്ങാന്‍ പോയതിന് ശേഷമാണ് സലിം ഷായെ കാണാതായതെന്നും ബന്ധുക്കള്‍ പറയുന്നു. 18 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും അതേപോലെ ദുബായിലും അന്വേഷിച്ചെങ്കിലും യാത്രക്കാരുടെ ലിസ്റ്റില്‍ യുവാവില്ലെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചതെന്നും പറയുന്നു.

കഴിഞ്ഞ ഏഴര വര്‍ഷമായി സലിം ഷാ വിദേശത്താണ്. സലിം ഷായുടെ തിരോധാനത്തില്‍ അജ്മാന്‍ പോലീസിലും നോര്‍ക്കയിലും ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ എംമ്പസിക്കും പരാതി നല്‍കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍.
أحدث أقدم