റേഷൻ വിതരണം ഇനി രണ്ട് ഘട്ടമായി 15 വരെ മഞ്ഞ, പിങ്ക് കാർഡുകൾക്ക്; നീല, വെളള കാർഡുകൾക്ക് 15 ന് ശേഷം മാത്രം



തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ മാറ്റം വരുന്നു. ഇനി മുതൽ മാസത്തിന്റെ തുടക്കം മുതൽ 15 വരെ മുൻഗണനാ വിഭാഗത്തിന് മാത്രമായിരിക്കും റേഷൻ ലഭിക്കുക. മഞ്ഞ, പിങ്ക് കാർഡുകാരാണ് ഇതിൽ ഉൾപ്പെടുന്നത്. 15 ന് ശേഷമാണ് നീല, വെളള കാർഡുകാർക്ക് റേഷൻ ലഭിക്കുക.

ഇ പോസ് മെഷീനുകളിൽ നിരന്തരം ഉണ്ടാകുന്ന തകരാർ ഒഴിവാക്കാനും മാസം അവസാനമുളള തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിശദീകരണം. അതേസമയം സമയപരിധി ഏർപ്പെടുത്തുന്നത് മുൻഗണനാക്രമത്തിലുളളവരുടെ റേഷൻ നഷ്ടമാക്കിയേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. 15 ന് മുൻപ് റേഷൻ വാങ്ങാത്ത കാർഡുകാർക്ക് പിന്നീട് നൽകുമോയെന്നും വ്യക്തതയില്ല.

15 ന് ശേഷം ഇവർക്ക് റേഷൻ നൽകില്ലെന്ന് തീരുമാനിച്ചാൽ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ലംഘനമാകും. മാസം ആദ്യം പലപ്പോഴും റേഷൻ കടകളിൽ കൃത്യമായി സാധനങ്ങൾ എത്താറില്ല. അതുകൊണ്ടു തന്നെ അധികം പേരും മാസം പകുതിയോട് അടുപ്പിച്ചാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുക.

റേഷൻ വിതരണം രണ്ട് ഘട്ടമാക്കാൻ അനുവദിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ശുപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ ഉത്തരവ്. ഇ പോസ് മെഷീനുകളിൽ മാസാവസാനം നിരന്തരമുണ്ടാകുന്ന തകരാറുകൾ സംസ്ഥാനത്തെ റേഷൻ വിതരണത്തെ മുഴുവൻ താളം തെറ്റിക്കുന്നത് പതിവാണ്. അർഹരായ ഒരുപാട് പേർക്ക് റേഷൻ നഷ്ടമാക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെയാണ് ബദൽമാർഗം ആവിഷ്‌കരിച്ചിരിക്കുന്നത്.
أحدث أقدم