2019 മുതല്‍ 2022 വരെ ദാരിദ്ര്യ നിരക്ക് 61 ശതമാനം വര്‍ദ്ധിച്ച് 38 ലക്ഷമായി ഉയര്‍ന്നു; ഭക്ഷണം, തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങള്‍, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യ ങ്ങളില്ലാത്ത കുട്ടികള്‍ 10 ലക്ഷം; ബ്രിട്ടനിലെ ഞെട്ടിക്കുന്ന പട്ടിണിയുടെ കണക്ക് പുറത്ത്



 ബ്രിട്ടനില്‍ ദരിദ്രരുടെ എണ്ണം പെരുകുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം 2019 നും 2022 നും ഇടയില്‍ ബ്രിട്ടനിലെ ദരിദ്രരുടെ എണ്ണത്തില്‍ ഉണ്ടായത് 61 ശതമാനത്തിന്റെ വളര്‍ച്ചയാണ്. 38 ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ബ്രിട്ടനില്‍ കൊടും ദാരിദ്ര്യം അനുഭവിക്കുന്നവരായി ഉള്ളത്. ഇതില്‍ പകുതി കുടുംബങ്ങളുടെയും പ്രതിവാര വരുമാനം 85 പൗണ്ടില്‍ താഴെയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കുട്ടികളെയാണ് ദാരിദ്ര്യം ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത്. 2017 ന് ശേഷം പരമ ദാരിദ്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് 186 ശതമാനത്തിന്റെ വര്‍ദ്ധനവാണെന്നത് ആശങ്കപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. തണുത്ത കാലാവസ്ഥയില്‍, ശരീരം ചൂടാക്കി നിലനിര്‍ത്തുക., വൃത്തിയായി ജീവിക്കുക, ആവശ്യത്തിന് ഭക്ഷണം കഴിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവരെയാണ് കൊടും ദാരിദ്യം അനുഭവിക്കുന്നവരുടെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.


ഒന്നുകില്‍, വസ്ത്രം, ഹീറ്റിംഗ്, അഭയകേന്ദ്രം, ഭക്ഷണം എന്നിവയുടെ ഇല്ലായ്മ കാരണമോ അതല്ലെങ്കില്‍, ഇതൊക്കെ സ്വന്തമാക്കാന്‍ മാത്രമുള്ള വരുമാനം ഇല്ലാത്തതുകൊണ്ടോ ആയിരിക്കും. കഴിഞ്ഞ നാല് വര്‍ഷമായി ബ്രിട്ടനിലെ കൊടുംദാരിദ്ര്യത്തെ കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, കുറഞ്ഞ വരുമാനം, ജീവിത ചെലവുകളുടെ വര്‍ദ്ധനവ്, ഉയര്‍ന്ന കടം എന്നിവയാണ് ഇപ്പോള്‍ കൊടും ദരിദ്രരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത് എന്നാണ്. എന്നാല്‍, കൊടും ദരിദ്രരില്‍ 72 ശതമാനം പേര്‍ ബെനെഫിറ്റുകള്‍ ലഭിക്കുന്നവരാകയാല്‍, വലിയൊരു പരിധിവരെ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയും ദാരിദ്ര്യം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത് തടയുന്നതിനുള്ള നടപടികള്‍ എടുക്കുവാന്‍ കഴിയാത്ത നിസ്സഹായവസ്ഥയൊന്നും സര്‍ക്കാരിനില്ലെന്ന് ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് പോള്‍ കിസ്സാക്ക് പറയുന്നു. സര്‍ക്കാര്‍ നടപടികള്‍ എടുക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യമെന്നും അദ്ദേഹം പറയുന്നു. അടിസ്ഥാന മാനവികത പ്രശ്‌നമാണ് ദാരിദ്ര്യം എന്നും അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

أحدث أقدم