യു .കെ: ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലണ്ടനിലെ രണ്ട് ജൂത സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച്ച വരെ അവധി നല്‍കി. എജ്ജ്വേയിലെ ടോറാ വോഡാസ് പ്രൈമറി സ്‌കൂളും കോളിന്‍ഡെയ്ലിലെ അറ്റെറീസ് ബീസ് യാകോവ് പ്രൈമറി സ്‌കൂളുമാണ് തിങ്കളാഴ്ച്ച വരെ അടച്ചിടുക. ഇക്കാര്യം അറിയിച്ചു കൊണ്ട് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് കത്തെഴുതിയതായി സ്‌കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി, നൂറുകണക്കിന് പാലസ്തീന്‍ അനുകൂലികള്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഇസ്രയേല്‍ എംബസിക്ക് മുന്‍പില്‍ പ്രതിഷേധവുമായി ഒത്തു ചേര്‍ന്നിരുന്നു. കടുത്ത പ്രതിഷേധങ്ങള്‍ നടന്ന സെന്‍ട്രല്‍ ലണ്ടനില്‍ മെട്രോപോളിറ്റന്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. എമര്‍ജന്‍സി ജീവനക്കാരനെ ആക്രമിച്ചതിനും, ആയുധങ്ങള്‍ കൈവശം വച്ചതിനും സ്വത്തുക്കള്‍ നശിപ്പിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ വാരാന്ത്യത്തിലും ബ്രിട്ടനിലുടനീളം ധാരാളം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 1300 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെ, തീവ്രവാദികള്‍ ബന്ധികളാക്കിയ 97 ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ 1400 പാലസ്തീനിയക്കാര്‍ കൊല്ലപ്പെട്ടു എന്നും 6000 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നും ഗാസ അധികൃതര്‍ പറയുന്നു. 1970 -ന് ശേഷം നടക്കുന്ന മൂന്നാമത്തെ വലീയ തീവ്രവാദ ആക്രമണമാണ് ഇസ്രയേലില്‍ നടന്നതെന്ന് സുനക് പറഞ്ഞു.