കുട്ടികളുടെ സുരക്ഷയ്ക്കായി ലണ്ടനിലെ രണ്ട് ജൂത സ്‌കൂളുകള്‍ അടച്ചിടും; സുരക്ഷയ്ക്കായി 3 മില്യണ്‍ പൗണ്ട്



യു .കെ: ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലണ്ടനിലെ രണ്ട് ജൂത സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച്ച വരെ അവധി നല്‍കി. എജ്ജ്വേയിലെ ടോറാ വോഡാസ് പ്രൈമറി സ്‌കൂളും കോളിന്‍ഡെയ്ലിലെ അറ്റെറീസ് ബീസ് യാകോവ് പ്രൈമറി സ്‌കൂളുമാണ് തിങ്കളാഴ്ച്ച വരെ അടച്ചിടുക. ഇക്കാര്യം അറിയിച്ചു കൊണ്ട് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് കത്തെഴുതിയതായി സ്‌കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


തങ്ങളുടെ പരിധിയിലുള്ള എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും ബ്രിട്ടനിലെ യഹൂദ സമൂഹത്തെ സംരക്ഷിക്കും എന്ന് സുനക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. മദ്ധ്യപൂര്‍വ്വ ദേശത്തെ സംഘര്‍ഷം ബ്രിട്ടനില്‍ നിരവധി യഹൂദ വിരുദ്ധ പ്രകടനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. യഹൂദ സമൂഹത്തിന്റെ സ്‌കൂളുകള്‍, സിനഗോഗുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണാര്‍ത്ഥം മൂന്നു മില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.


ഹോം സെക്രട്ടറി സ്യുവെല്ല ബ്രേവര്‍മാനുമായും മറ്റ് മുതിര്‍ന്ന മന്ത്രി സഭാംഗങ്ങളുമായും പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസില്‍ വട്ടമേശ സമ്മേളനം നടത്തിയതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. വിവിധ പോലീസ് സേനകളുടെ തലവന്മാര്‍, കമ്മ്യുണിറ്റി സെക്യുരിറ്റി ട്രസ്റ്റ് പ്രതിനിധികള്‍ എന്നിവരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ 139 യഹൂദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ബ്രിട്ടനില്‍ കമ്മ്യുണിറ്റ് സെക്യുരിറ്റി ട്രസ്റ്റ് രേഖപ്പെടുത്തിയത്. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 400 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി, നൂറുകണക്കിന് പാലസ്തീന്‍ അനുകൂലികള്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഇസ്രയേല്‍ എംബസിക്ക് മുന്‍പില്‍ പ്രതിഷേധവുമായി ഒത്തു ചേര്‍ന്നിരുന്നു. കടുത്ത പ്രതിഷേധങ്ങള്‍ നടന്ന സെന്‍ട്രല്‍ ലണ്ടനില്‍ മെട്രോപോളിറ്റന്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. എമര്‍ജന്‍സി ജീവനക്കാരനെ ആക്രമിച്ചതിനും, ആയുധങ്ങള്‍ കൈവശം വച്ചതിനും സ്വത്തുക്കള്‍ നശിപ്പിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വാരാന്ത്യത്തിലും ബ്രിട്ടനിലുടനീളം ധാരാളം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 1300 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെ, തീവ്രവാദികള്‍ ബന്ധികളാക്കിയ 97 ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ 1400 പാലസ്തീനിയക്കാര്‍ കൊല്ലപ്പെട്ടു എന്നും 6000 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നും ഗാസ അധികൃതര്‍ പറയുന്നു. 1970 -ന് ശേഷം നടക്കുന്ന മൂന്നാമത്തെ വലീയ തീവ്രവാദ ആക്രമണമാണ് ഇസ്രയേലില്‍ നടന്നതെന്ന് സുനക് പറഞ്ഞു.

أحدث أقدم