യുകെയിൽ തൊഴിൽ അവസരങ്ങൾ; നോർക്കയുടെ യുകെ കരിയര്‍ ഫെയര്‍ അടുത്ത മാസം 6 മുതല്‍ 10 വരെ കൊച്ചിയില്‍; ഇപ്പോള്‍ അപേക്ഷിക്കാം



 നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.

1. ഡോക്ടര്‍മാര്‍- യു കെ (ഇംഗ്ലണ്ട്)

റേഡിയോളജി, സൈക്രാട്രി, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി വിഭാഗങ്ങളിലാണ് യുകെ ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. സ്പെഷ്യാലിറ്റികളില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ നിശ്ചിതസമയ പരിധിക്കുളളില്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

2. ഡോക്ടര്‍മാര്‍- (യു കെ വെയില്‍സ് )

ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗങ്ങളിലാണ് വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. യോഗ്യതയനുസരിച്ച് ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികകളിലേയ്ക്കാണ് നിയമനം.

a . ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ- യു കെ വെയില്‍സ്

യു കെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരും, യു കെ യില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയവരുമായ മെഡിക്കല്‍ ബിരുദദാരികള്‍ ( MBBS).

b.സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ (-യു.കെ വെയില്‍സ് )

ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്പോണ്‍സര്‍ഷിപ്പിലൂടെ യു.കെ യില്‍ രജിസ്ട്രേഷന്‍ നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് IELTS/OET ഫീസ് റീഫണ്ട്, യു.കെ യിലേയ്ക്കുളള വീസ, ഫ്ലൈറ്റ് ടിക്കറ്റ്, ഒരു മാസത്തെ താമസം എന്നിവയ്ക്കും അര്‍ഹതയുണ്ട്. ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയില്‍ 37,737-49,925 പൗണ്ടും, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയില്‍ 37,737-59,336 പൗണ്ടുമാണ് കുറഞ്ഞ വാര്‍ഷിക ശമ്പളം.3. നഴ്സുമാര്‍ (ഇംഗ്ലണ്ട്-വെയില്‍സ്)

നഴ്സിങ്ങിൽ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരമുണ്ട്. ഇംഗ്ലണ്ടിലേയ്ക്കുളള അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ പ്രവൃത്തിപരിചയം അനിവാര്യമല്ല. യു.കെ വെയില്‍സിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മിനിമം ആറു മാസത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.



4. അള്‍ട്രാസോണോഗ്രാഫര്‍ -ULTRASONOGRAPHER (ഇംഗ്ലണ്ട്)

റേഡിയോഗ്രഫിയിലോ, ഇമേജിങ്-ടെക്നോളജിയിലോ ഡിപ്ലോമയോ, ബിരുദമോ അധികയോഗ്യതയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. അള്‍ട്രാസൗണ്ട് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയവും അനിവാര്യമാണ്.പ്രസ്തുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുളള പ്രാവീണ്യം തെളിയിക്കേണ്ടതാണ്. അഭിമുഖസമയത്ത് HCPC രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല.

5. ഡോക്ടര്‍മാര്‍-യു.കെ വെയില്‍സ്

യു.കെ-വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് യോഗ്യതയനുസരിച്ച് ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികകളിലേയ്ക്കാണ് അവസരം. ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗങ്ങളിലാണ് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍. ഇതിനായി 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കുന്ന കരിയര്‍ ഫെയറിനു പുറമേ 2023 നവംബര്‍ 04 ന് ഡല്‍ഹിയിലും അഭിമുഖത്തിന് അവസരമുണ്ട്.

എങ്ങനെ അപേക്ഷിക്കാം

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. വിവരങ്ങള്‍ www.norkaroots.org, എന്ന വെബ്ബ്സൈറ്റിലും ലഭ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയുളള യു.കെ കരിയര്‍ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
أحدث أقدم