സെപ്റ്റംബറിൽ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായത് 8,076 ഇന്ത്യക്കാർ; യുഎസ്-കാനഡ ബോർഡറിൽ മാത്രം പിടിയിലായത് 3,059 പേർ



 2023 സെപ്റ്റംബറിൽ വിവിധ വഴികളിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് 8,076 ഇന്ത്യക്കാരാണ് പിടിയിലായത്. യുഎസിലെ നിയമ നിർവ്വഹണ ഏജൻസികളാണ് അനധികൃതമായി രാജ്യത്തേക്ക് കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ 8,076 ഇന്ത്യക്കാരിൽ കാനഡ വഴി മാത്രം യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത് 3,059 പേരാണ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷനിൽ നിന്ന് ലഭിച്ച കണക്കാണിത്.2022 ഒക്‌ടോബറിന് ശേഷം കാന‍ഡ വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച് അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറ്റവും കൂടുതലായതും ഈ സെപ്റ്റംബറിൽ തന്നെയാണ്. ഗുജറാത്തിൽ നിന്നുള്ള നിരവധി അനധികൃത കുടിയേറ്റക്കാർ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും, അവർ യുഎസിലേക്ക് പ്രവേശിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു സോഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റിൽ കാനഡ വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 2,327 അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയതെങ്കിൽ സെപ്റ്റംബറിൽ ഇത് 3,059 ആയി വർധിച്ചു.

ബോർഡറിൽ വെച്ച് പിടിയിലായ 8 കുട്ടികളിൽ നാല് കുട്ടികളോടൊപ്പം ആരും തന്നെയുണ്ടായിരുന്നില്ല. മറ്റ് നാല് കുട്ടികൾക്കൊപ്പം ഓരോ കുടുംബാംഗങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ 530 കുട്ടികളാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പിടിയിലായത്. അവിവാഹിതരായ 2,521 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

യുഎസ്-മെക്‌സിക്കോ അതിർത്തിയിലൂടെ യുഎസിലേക്ക് അനധികൃതമായി കടക്കാനാണ് കൂടുതൽ ഇന്ത്യക്കാരും ശ്രമിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2019 ഫെബ്രുവരി മുതൽ ഈ വർഷം മാർച്ച് വരെ 1.9 ലക്ഷം ഇന്ത്യക്കാരെ യുഎസ് നിയമ നിർവ്വഹണ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നുള്ള നാലംഗ കുടുംബം 2022 ജനുവരിയിൽ യുഎസ്-കാനഡ അതിർത്തിയിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ കൊടും തണുപ്പിൽ മരിച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ മറ്റൊരു ഗുജറാത്തി കുടുംബം യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ സെന്റ് ലോറൻസ് നദിയിൽ മുങ്ങിമരിച്ചിരുന്നു.

أحدث أقدم