തേജ് ചുഴലിക്കാറ്റ് സൗദിയെ ബാധിക്കുമോ ? കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം ഇങ്ങനെ


 

റിയാദ്: കഴിഞ്ഞദിവസം അറബിക്കടലില്‍ രൂപപ്പെട്ട 'തേജ്' അതിതീവ്ര ചുഴലിക്കാറ്റ് യമനിലും ഒമാനിലും പ്രളയവും നാശനഷ്ടവുമാണ്ടാക്കുമെങ്കിലും സൗദിയെ നേരിട്ട് ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ ചുഴലിക്കാറ്റ് സൗദിയില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് കാരണമാവും. ഇന്നു മുതല്‍ വ്യാഴാഴ്ച വരെ ഏതാനും പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാവും.സൗദിയിലെ റുബുല്‍ ഖാലി, നജ്‌റാന്‍, ഖര്‍ഖീര്‍, ശറൂറ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അറിയിച്ചു. മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റുമുണ്ടാവും.

സൗദിയില്‍ യെമന്‍, ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗങ്ങളിലാണ് മഴയുണ്ടാവുക. തേജ് ചുഴലിക്കാറ്റ് ഇപ്പോള്‍ യെമനില്‍ കരകയറിട്ടുണ്ട്. വൈകാതെ ഒമാനിലേക്ക് കടക്കും. കനത്ത മഴയില്‍ യമനിലെ അല്‍ ഗെയ്ദയില്‍ വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയും കാറ്റുമുണ്ടായ അല്‍ മഹാറ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. ഇവിടെ 936 കുടുംബങ്ങളെയും അല്‍ ഗെയ്ദ ജില്ലയില്‍ 600 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചതായി അല്‍ മഹാറ ഗവര്‍ണര്‍ അല്‍ ഖത്ബി അലി അല്‍ ഫാര്‍ജി പറഞ്ഞതായി യമന്‍ വാര്‍ത്താ ഏജന്‍സിയായ സാബ റിപ്പോര്‍ട്ട് ചെയ്തു.

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗതയിലാണ് യെമനില്‍ തേജ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.30 നും 3.30 നും ഇടയിലാണ് അല്‍ ഗെയ്ദക്കും ഒമാന്‍ അതിര്‍ത്തിക്കും ഇടയില്‍ കരകയറിയതെന്നും കാറ്റിന്റെ വേഗത 125 കി.മി മുതല്‍ 150 കി.മി വരെ എത്തിയെന്നും യമന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
أحدث أقدم