കല്യാണത്തിരക്ക്: രാജസ്ഥാൻ തെരഞ്ഞെടുപ്പ് തീയതിക്ക് മാറ്റം; പുതിയ തീയതി ഇങ്ങനെ



 ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 23ന് നടക്കേണ്ട വെട്ടെടുപ്പ് 25ലേക്കാണ് മാറ്റിയിരിക്കുന്നത്. ബുധനാഴ്ചയാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, ഫലം ഡിസംബർ മാസം മൂന്നിന് തന്നെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.കല്യാണങ്ങളും മറ്റ് ചടങ്ങുകളും കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റുവാൻ കമ്മീഷൻ തയ്യാറെടുത്തത്.


നിരവധി വിവാഹങ്ങൾ, മറ്റ് സാമൂഹിക ചടങ്ങുകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ നിരവധി ജനങ്ങൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. അതിന് പുറമെ, ഈ വിശേഷങ്ങളെ ചുറ്റിപ്പറ്റി നിരവധി മറ്റ് കച്ചവടങ്ങളും നടക്കുന്നുണ്ടാകും. ഇതെല്ലാം കാരണം വോട്ടർമാർ എത്തുന്നത് കുറയ്ക്കാൻ കാരണമായേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് കാണിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും മാധ്യമങ്ങളും ആവശ്യപ്പെട്ടിരുന്നു. തിരക്കുകൾ ഉള്ളതിനാൽ ആളുകൾ‌ വോട്ട് ചെയ്യാൻ എത്താതിരിക്കാനുള്ള സാധ്യതയും ഇവർ ചൂണ്ടിക്കാണിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

അടുത്തവർഷം ജനുവരി 14ന് വരെയാണ് നിലവിലെ ഗലോട്ട് മന്ത്രിസഭയുടെ കാലാവധിയുള്ളത്. 200 അസംബ്ലി മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

നവംബർ ആറിനാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഏഴിന് സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഒൻപതാണ്. നവംബർ 25ന് വോട്ടെടുപ്പ് നടക്കും ഡിസംബർ മൂന്ന് വോട്ടെണ്ണലും നടക്കും.


രാജസ്ഥാന് പുറമെ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ ഒൻപത് തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം നവംബർ‌ ഏഴിനും രണ്ടാം ഘട്ടം 17നുമാണ് നടക്കുക. മിസോറാമിൽ ഒറ്റഘട്ടമായി നവംബർ 7നാണ് തെരഞ്ഞെടുപ്പ് നടക്കുക. മധ്യപ്രദേശിൽ നവംബർ 17നും തെലങ്കാനയിൽ 30നുമാണ് വോട്ടെടുപ്പ്.
أحدث أقدم