ജാതി സെന്‍സസിന് എതിരെ എന്‍എസ്എസ്

 
ചങ്ങനാശ്ശേരി : ജാതി സെന്‍സസ് നടപ്പാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

 സംവരണമുള്ള ജാതിക്കാരും സംവരണാനൂകൂല്യമില്ലാത്തവരും പരസ്പര വൈരികളായി മാറുന്ന സവര്‍ണ്ണ-അവര്‍ണ്ണ സംസ്‌കാരം രാജ്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. 

വോട്ടുരാഷ്ട്രീയം മാത്രം കണക്കിലെടുത്ത് ജാതിയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്തി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നില്‍ക്കുന്ന ജാതിസംവരണം അവസാനിപ്പിക്കണമെന്നും ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യപരമല്ലാത്ത ഒന്നാണ് ജാതി സംവരണം. സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തേക്ക് തുടങ്ങിവച്ച സംവരണം, 76 വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യം കൈവരിച്ചില്ലെന്നത് പ്രായോഗിക തലത്തില്‍ അതിന്റെ അശാസ്ത്രീയത വെളിപ്പെടുത്തുന്നു.


 ജാതിസംവരണം ഭരണഘടനയുടെ അനുച്ഛേദം15(1) ന്റെ ലംഘനമാണെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ വിധിയെ മറികടക്കുന്ന സമീപനമാണ് ഇപ്പോള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. 
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങുന്ന തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിന് വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെന്‍സസുമെന്ന് അദ്ദേഹം പറഞ്ഞു.
أحدث أقدم