പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയത് ഡ്രൈവറുടെ പിഴവ്; വാഹനത്തിന് യന്ത്രത്തകരാര്‍ ഉണ്ടായിരുന്നില്ല


 
കണ്ണൂര്‍ : കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. ജീപ്പിന് യന്ത്രത്തകരാര്‍ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് അപകടശേഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ എഎസ്‌ഐ സന്തോഷിനെതിരെ എസിപിയും റിപ്പോര്‍ട്ട് നല്‍കി. 

കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷനില്‍ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് കയറിയ ജീപ്പ് അവിടെ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ കാര്‍ പെട്രോളടിക്കുന്ന യന്ത്രം തകര്‍ത്തു. തുരുമ്പെടുത്ത് തുടങ്ങിയ പൊലീസ് ജീപ്പിന്റെ ഭാഗങ്ങള്‍ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. 

രാവിലെ സിവില്‍ സ്റ്റേഷന് മുന്നിലെ ട്രാഫിക് പൊലീസിന്റെ ബാരിക്കേഡും തകര്‍ത്താണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പമ്പിലേക്ക് ഇടിച്ചുകയറിയത്. കാര്‍ ഡ്രൈവറും പമ്പ് ജീവനക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോവുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
أحدث أقدم