സുരക്ഷ ഉറപ്പാക്കാത്ത വീടുകള്‍ വാടകയ്ക്ക് നല്‍കി; അടുത്ത പത്തു വര്‍ഷത്തേക്ക് വീട് വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും വീട്ടുടമയെ വിലക്കി കൗണ്‍സില്‍; ഇന്ത്യന്‍ വംശജനായ ദാസിന് ലഭിച്ചത് യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട വിലക്ക്



യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട വിലക്കാണ് ഇന്ത്യന്‍ വംശജനായ ഒരു വീട്ടുടമക്ക് ലഭിച്ചിരിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ കൗണ്‍സില്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് വീടുകള്‍ വാടകക്ക് നല്‍കുന്നതില്‍ നിന്നും ഇയാളെ വിലക്കിയിരിക്കുകയാണ്. വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുകയും, വീടിന്റെ സുരക്ഷ ഉറപ്പാക്കാതിരിക്കുകയും ചെയ്തതിനാണ് ഈ വിലക്ക്.


അപകടകരമായ നിലയിലുള്ള വീടുകള്‍ തുടര്‍ച്ചയായി വാടകയ്ക്ക് നല്‍കിയതിന് ദാസ് എന്ന ഇയാളുടെ പേര് റോഗ് ലാന്‍ഡ്ലോര്‍ഡ് ഡാറ്റാബേസില്‍ ചേര്‍ത്തിരിക്കുകയാണ്. തെമ്മാടികളായ വീട്ടുടമസ്ഥരുടെ ഈ പട്ടികയില്‍ പേര് വന്നാല്‍ അതിന്റെ അര്‍ത്ഥം അടുത്ത 10 വര്‍ഷക്കാലം ഇയാള്‍ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിനോ പരിപാലിക്കുന്നതിനോ അനുവാദമില്ല എന്നാണ്. ഷെഫീല്‍ഡ് സിറ്റി കൗണ്‍സിലാണ് ഈയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്.


ആഗസ്റ്റ് മാസത്തില്‍, മാഞ്ചസ്റ്ററിലെ ഒരു ഫസ്റ്റ് ടയര്‍ ട്രിബ്യുണല്‍ വിധി ഉണ്ടായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, രാജ്യത്ത് ഇത്രയും നീണ്ട കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും ഇതാദ്യമായാണ്. ദാസിന് ലഭിച്ച വിലക്കിന്റെ ദൈര്‍ഘ്യം. അയാളുടെ പ്രവര്‍ത്തികള്‍ എത്രമാത്രം ഗൗരവമുള്ളതായിരുന്നു എന്നതിന്റെ പ്രതിഫലനമാണെന്നായിരുന്നു ഒരു കൗണ്‍സിലര്‍ പറഞ്ഞത്. ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ടതും, വാടക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടതുമായ എല്ലാ നിയമങ്ങളും അയാള്‍ ലംഘിക്കുകയായിരുന്നു.


ഇപ്പോള്‍ അയാളുടെ പേര് റോഗ് ലാന്‍ഡ്ലോര്‍ഡ് ഡാറ്റാബേസില്‍ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷെഫീല്‍ഡ് സിറ്റി കൗണ്‍സിലിന്റെ ഹൗസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡഗ്ലസ്സ് ജോണ്‍സണ്‍ പറഞ്ഞു. ഗുണനിലവാരും തീരെ കുറഞ്ഞതും, സുരക്ഷാ ഭീഷണിയുള്ളതുമായ വീടുകള്‍ വാടകക്ക് നല്‍കുന്ന പരിപാടി ഇയാള്‍ക്ക് കഴിഞ്ഞ കുറേക്കാലമായി ഉണ്ട് എന്നാണ് ചിലര്‍ പറയുന്നത്. കടുത്ത നിയമ ലംഘനത്തിന്റെ ഫലമായാണ് ഇപ്പോള്‍ ഇത്രയും വലിയ ശിക്ഷ ലഭിച്ചിരിക്കുന്നത്.


റോഗ് ലാന്‍ഡ്ലോര്‍ദ് ഡാറ്റാബേസ് യു കെയിലെ എല്ലാ ലോക്കല്‍ അഥോറിറ്റികള്‍ക്കും കാണാവുന്ന ഒന്നാണ്. ഇപ്പോള്‍ നല്‍കിയ വിലക്ക് ലംഘിച്ച് ഇനിയും ഇയാള്‍ വീടുകള്‍ വാടകയ്ക്ക് നല്‍കിയാല്‍ കസ്റ്റഡിയില്‍ എടുത്ത് വിചാരണ ചെയ്യേണ്ടതായി വരും. 30,000 പൗണ്ട് വരെ പിഴയും ലഭിച്ചേക്കാം. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, വീടു വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന സമീപനമാണ് ഷെഫീല്‍ഡ് കൗണ്‍സില്‍ എടുത്തിരിക്കുന്നത്.


أحدث أقدم