വനിതാ കാബിൻ ക്രൂ അംഗത്തോട് അസഭ്യം പറഞ്ഞു; ഇന്ത്യയ്‌ക്കെതിരെ സംസാരം: ന്യൂയോർക്കിൽ നിന്നും എയർ ഇന്ത്യാവിമാനത്തിലെത്തിയ പഞ്ചാബ് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്



ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ബഹളം വയ്ക്കുകയും വനിതാ കാബിൻ ക്രൂ അംഗത്തെ അസഭ്യം പറയുകയും ചെയ്ത യുവാവിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പഞ്ചാബ് ജലന്തർ സ്വദേശിയ അഭിനവ് ശർമയ്‌ക്കെതിരെയാണ് കേസ്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ സഞ്ചരിച്ച ഇയാൾ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തുകയും കാബിൻ ക്രൂവിനോടും മറ്റു യാത്രക്കാരോടും മോശമായി പെരുമാറുകയും ആയിരുന്നു.
കാബിൻ ക്രൂവിന്റെ പരാതിയിൽ ഡൽഹി ഐജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എയർ ഇന്ത്യയുടെ എഐ 102 വിമാനത്തിലെ ഇക്കോണമി ക്ലാസിൽ ഈ മാസം ഒന്നിനാണ് സംഭവം. വിമാന യാത്രയ്ക്കിടെ അഭിനവ് ശർമ അടുത്തിരുന്ന യാത്രക്കാരോടും കാബിൻ ക്രൂ അംഗങ്ങളോടും മോശമായി പെരുമാറുകയായിരുന്നു. അതിനുശേഷം സീറ്റിൽനിന്ന് എഴുന്നേറ്റ് വിമാനത്തിലെ മറ്റു യാത്രക്കാരോടും മോശമായി പെരുമാറി.
ഇതോടെ കാബിൻ ക്രൂ സൂപ്പർവൈസർ ആദ്യം വാക്കാലും പിന്നീട് രേഖാമൂലവും മുന്നിറിയിപ്പ് നൽകി. ഇതിനുശേഷവും വംശീയ പരാമർശങ്ങളും ഇന്ത്യയ്ക്കെതിരായും സംസാരിച്ചതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
أحدث أقدم