വിഴിഞ്ഞത്തെ ആദ്യ കപ്പലിന് നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് വിഴിഞ്ഞം ഇടവക



തിരുവനന്തപുരം: വിഴിഞ്ഞത്തെ ആദ്യ കപ്പലിന് നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് വിഴിഞ്ഞം ഇടവക. ലത്തീൻ അതിരൂപതാ നേതൃത്വം വിട്ടുനിൽക്കുമ്പോഴാണ് രൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക പങ്കെടുക്കുമെന്ന് അറിയിച്ചത്. രൂപതാ നേതൃത്വം ഉടക്കിട്ടപ്പോൾ ഇടവക പ്രതിനിധികളെ അനുനയ ചർച്ചയിലൂടെ സർക്കാർ ഒപ്പം നിർത്തുകയാണ് ഉണ്ടായത്. കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരത്തുക കൂട്ടിയതടക്കമുള്ള തീരുമാനങ്ങളാണ് ഒപ്പം ചേരാൻ നിർണ്ണായകമായത്.

ലത്തീൻ അതിരൂപത നേതൃത്വം ഉയർത്തിയ കടുത്ത പ്രതിഷേധത്തിൽ വെട്ടിലായ സർക്കാറിന് ആശ്വാസം നൽകുന്നതായി വിഴിഞ്ഞം ഇടവകയുടെ തീരുമാനം. മറ്റന്നാളത്തെ ചടങ്ങിൽ ആർച്ച് ബിഷപ്പ് അടക്കം വിട്ടുനിൽക്കുമെന്ന സൂചനകൾക്കിടെയാണ് ഇടവക പ്രതിനിധികളെ അനുനയിപ്പിക്കാനായത്. രാവിലെ മന്ത്രി സജി ചെറിയാൻ നടത്തിയ ചർച്ചയിലെ ഉറപ്പുകളിലാണ് പ്രതിഷേധം വഴിമാറിയത്.
ജോലി നഷ്ടമാകുന്ന 53 കട്ടമരതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തി സർക്കാർ ഇന്ന് തന്നെ ഉത്തരവിറക്കി. നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു നഷ്ടപരിഹാരത്തുക, 4.22 ലക്ഷം വീതമാക്കിയാണ് കൂട്ടിയത്. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ, 1565 പേർക്ക് വീടുകൾ എന്നിവട അടക്കം വേറെയും സർക്കാർ വാഗ്ദാനം നൽകി. രാവിലെ അതിരൂപതാ നേതൃത്വം സർക്കാറിനെ അതിരൂക്ഷമായാണ് വിമർശിച്ചത്.

അതിരൂപതാ നേതൃത്വവുമായി ചർച്ച ചെയ്യാതെയാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനമെടുത്തതെന്നാണ് വിഴിഞ്ഞം ഇടവക വിശദീകരണം. പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം നേതൃത്വം നൽകുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്. നേരത്തെ സമരകാലത്തും നേതൃത്വത്തിൽ നിന്നും ഭിന്നമായ സമീപനം ഇടവക സ്വീകരിച്ചിരുന്നു. തീരശോഷണ പഠനമടക്കം സമരകാലത്തെ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ സർക്കാറിനെതിരെ രൂപതാ വിശ്വാസികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. പക്ഷ കപ്പലെത്തുമ്പോോൾ വീണ്ടും പ്രതിഷേധിക്കുന്നതിനെതിരെയും സഭയിൽ സമ്മിശ്രവികാരമുണ്ട്.
أحدث أقدم