അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഡൊമിനിക് കോടതിയിൽ പറഞ്ഞു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയത്. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി.
ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകി. ഇത് ആരെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. സ്‌ഫോടനം നടന്നതോടെയാണ് ഇക്കാര്യം താൻ വീണ്ടും ഓർത്തതെന്നും മൊഴിയിലുണ്ട്. മാർട്ടിന്റെ ഫോണിലേക്ക് വിളിച്ചത് ആരെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.