'ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം, കുടുംബങ്ങൾ ആശങ്കയിൽ'; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: ഇസ്രായേൽ - ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ ഇസ്രായേലിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രായേലിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്ന് മുഖ്യമന്ത്രി കത്തയച്ചു.ഏഴായിരത്തോളം മലയാളികൾ ഇസ്രായേലിലുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തെഴുതിയത്. ഇസ്രായേലിലുള്ള മലയാളി കുടുംബങ്ങൾ ആശങ്കയിലാണ്. സാധ്യമാകുന്ന സാഹചര്യത്തിൽ എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇസ്രായേലിൽ തുടരുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല. ഇന്ത്യൻ പൗരന്മാർക്ക് ഏതുസമയം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


ഇസ്രായേലിൽ 18000 ഇന്ത്യക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാത്രമാകും ഇവരെ മടക്കിക്കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുക. ഇസ്രായേലിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്രായേലിലുള്ള സ്വന്തം പൗരന്മാരെ പോളണ്ട് മടക്കിക്കൊണ്ടുവരാൻ ആരംഭിച്ചു. ഇസ്രായേലിൽ നിന്ന് സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടു പോകുന്ന ആദ്യ രാജ്യമായി പോളണ്ട്.

ഹമാസ് തീവ്രവാദികൾ ഇസ്രായേലിലെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. ജനങ്ങളെ ബന്ധികളാക്കിയാണ് ഇവർ ഭീഷണി തുടരുന്നത്. ചിലരെ ഗാസ്സയിലേക്ക് ബലമായി തട്ടിക്കൊണ്ട് പോകുകയും ചെയ്തു. അതിക്രമിച്ചുകയറിയ തീവ്രവാദികളെ പൂർണമായി തുരുത്താനാകാത്തതാണ് ഇസ്രായേൽ സൈന്യത്തെ സമ്മർദ്ദത്തിലാക്കുന്നത്. ഇസ്രായേലിൽ ഇതുവരെ 900ത്തിലധികം ആളുകൾ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്.
أحدث أقدم