സ്ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ല; മാന്യതയോടെ പെരുമാറൂ, മനുഷ്യനായിരിക്കൂ; ഹൈക്കോടതി




കൊച്ചി : സ്ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പരാതി വീടുകളിൽ സാധാരണ സംഭവിക്കുന്ന പ്രശ്‌നങ്ങളെ ചൊല്ലിയാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ കുടുംബകോടതി വിവാഹമോചന കേസ് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

വിവാഹമോചനത്തിനായി ഭാര്യ നൽകിയ പരാതിയെ കാലങ്ങൾ കൊണ്ട് സംഭവിക്കുന്ന സാധാരണ വിരക്തിയാണെന്നായിരുന്നു കുടുംബ കോടതി പരാമർശിച്ചത്. വിവാഹ ജീവിതത്തിൻ്റെ വിശുദ്ധി സംരക്ഷിച്ചുകൊണ്ട് ഇരുവരും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെക്കണമെന്നും തൃശൂരിലെ കുടുംബകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 കുടുംബകോടതിയുടെ നിരീക്ഷണങ്ങൾ അങ്ങേയറ്റം പുരുഷാധിപത്യപരമാണെന്നും നിലവിലെ സാഹചര്യങ്ങൾ ഇപ്രകാരമല്ല മുന്നോട്ടുപോകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേ താണ് നിരീക്ഷണം.

ദാമ്പത്യപ്രശ്‌നത്തിൽ അമ്മയും അമ്മായി അമ്മയും പറയുന്നത് പരാതിക്കാരി അനുസരിക്കണമെന്ന് കുടുംബകോടതി ഉത്തരവിൽ ഉള്ളതായി ഭർത്താവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഒരു സ്ത്രീയുടെ തീരുമാനങ്ങൾ അമ്മയുടേയോ അമ്മായിഅമ്മയുടെയോ വാക്കുകളാൽ സ്വാധീനിക്കപ്പെടേണ്ടതില്ലെന്നും അമ്മയുടെയോ അമ്മായിഅമ്മയുടെയോ അടിമയല്ല സ്ത്രീയെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

കോടതിക്ക് പുറത്തുവെച്ച് തീർപ്പാക്കാവുന്ന വിഷയമാണെന്ന അഭിഭാഷകൻ്റെ പരാമർശത്തെയും കോടതി വിമർശിച്ചു.

 യുവതിയും കോടതിക്ക് പുറത്തുവെച്ച് വിഷയം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെൻറിന് അനുമതി നൽകൂവെന്ന് കോടതി പറഞ്ഞു. ‘യുവതിക്ക് അവരുടേതായ തീരുമാനമുണ്ട്. നിങ്ങൾ അവളെ കെട്ടിയിട്ട് മരുന്ന് നൽകാനാണോ ഉദ്ദേശിക്കുന്നത്? ഇതുകൊണ്ട് തന്നെയാണ് യുവതി നിങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മാന്യതയോടെ പെരുമാറൂ, മനുഷ്യനായിരിക്കൂ’ എന്നും കോടതി ഭർത്താവിനോട് പറഞ്ഞു.

കൊട്ടാരക്കര കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹരജി പരിഗണിക്കുക യായിരുന്നു കോടതി. ഭർതൃവീട്ടിലെ പീഡനങ്ങളാലും മറ്റ് പ്രശ്‌നങ്ങളാലും കുഞ്ഞിനോടൊപ്പം യുവതി മാഹിയിലെ പിതൃവീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റാൻ യുവതി ആവശ്യപ്പെട്ടത്.

 കേസിൽ രണ്ടാം പ്രതിയായ തന്റെ അമ്മയ്ക്ക് 65 വയസായതിനാൽ ദൂരയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഭർത്താവ് വാദിച്ചെങ്കിലും യുവതിയുടെ ആവശ്യപ്രകാരം കേസ് തലശ്ശേരി കോടതിലേക്ക് മാറ്റി. ഭർതൃമാതാവിന് വീഡിയോ കൺഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുക്കാം.
أحدث أقدم