കെ റെയിൽ: അടുക്കളയിലെ മഞ്ഞ കുറ്റി പിഴുതെടുത്ത തങ്കമ്മക്ക് പുതിയ വീട്



പത്തനംതിട്ട: കെ റെയിലിനായി വീടിന്‍റെ അടുക്കളയിൽ അധികൃതർ മഞ്ഞ കുറ്റി സ്ഥാപിച്ച തങ്കമ്മക്ക് അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു. വീടിന്‍റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. ഇതിനായുള്ള തുക സമാഹരണത്തിനായി കെ റെയിൽ വിരുദ്ധ സമിതി കൃഷി ചെയ്ത വാഴക്കുലകൾ ലേലം ചെയ്ത് തുക സംഭാവന ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു. അരലക്ഷം രൂപക്ക് വരെയാണ് വാഴ കുലകൾ ലേലം നടത്തിയത്.കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൊഴുവല്ലൂരിൽ ഉയരുന്ന തങ്കമ്മയുടെ വീട് സിൽവർ ലൈൻ വിരുദ്ധ സമര സ്മാരകമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഒറ്റമുറി കൂരയുടെ മുറ്റത്തെ അടുപ്പ് കല്ലിളക്കി മഞ്ഞക്കുറ്റിയിട്ടതിലൂടെ ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട തങ്കമ്മയ്ക്ക് സമരസമിതി നിർമിച്ചു നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭവനനിർമ്മാണ സമിതി പ്രസിഡന്‍റ് കെ കെ സജികുമാർ അധ്യക്ഷത വഹിച്ചു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ, ഭവന നിർമ്മാണ സമിതി രക്ഷാധികാരികളായ ജോസഫ് എം പുതുശ്ശേരി, അഡ്വ. എബി കുര്യാക്കോസ്, സെക്രട്ടറി മധു ചെങ്ങന്നൂർ, ട്രഷറർ സിന്ധു ജെയിംസ്, സമരസമിതി സംസ്ഥാന നേതാക്കളായ വിജെ ലാലി, ബാബു കുട്ടൻചിറ, എസ് സൗഭാഗ്യകുമാരി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, അഡ്വ. ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.സമരത്തിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച കെ റെയിൽ മഞ്ഞക്കുറ്റികൾ നാട്ടുകാർ പിഴുതു മാറ്റിയിരുന്നു. സർക്കാരിന്‍റെ ജനവിരുദ്ധതയുടെ സ്മാരകമായി നിലനിർത്തിയിരുന്ന അടുപ്പിലെ മഞ്ഞകുറ്റി രമേശ് ചെന്നിത്തല എംഎൽഎ സ്ഥലം സന്ദർശിച്ചപ്പോൾ പിഴുതുമാറ്റി. രണ്ടുദിവസത്തിനുശേഷം സഹപ്രവർത്തകരുമായി ഇവിടെയെത്തിയ പ്രദേശവാസി കൂടിയായ മന്ത്രി സജി ചെറിയാൻ ഈ മഞ്ഞ കുറ്റി അടുപ്പിൽ തന്നെ പുനഃസ്ഥാപിച്ചു. തങ്കമ്മയ്ക്ക് വേറെ നല്ല വീട് നിർമിച്ചു നൽകുമെന്ന് വാഗ്ദാനം കൂടി നൽകിയാണ് മന്ത്രി മടങ്ങിയത്. ഒരു വർഷത്തിലേറെയായിട്ടും മന്ത്രിയുടെ യാതൊരുവിധ ഇടപെടലും ഉണ്ടായില്ല. ഇതു മനസിലാക്കിയാണ് സമരസമിതി ഭവന നിർമാണത്തിന് മുൻകൈയെടുത്തത്.കെ റെയിൽ കുറ്റിയിട്ട സ്ഥലത്ത് ഭവനം നിർമിക്കാൻ കഴിയില്ലെന്നും മറ്റൊരു സ്ഥലം കണ്ടെത്തിയാൽ അവിടെ തന്‍റെ ട്രസ്റ്റ് മുഖേന വീട് നിർമ്മിച്ച് നൽകുമെന്നുമാണ് ദിവസങ്ങൾക്ക് മുന്‍പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. എന്നാൽ, വീട് നിർമിച്ചു നൽകുകയെന്നത് സമരപ്രവർത്തനമായി മാത്രമല്ല സമിതി കാണുന്നത്. ഭരണകൂടം കുടിയിറക്കാൻ ശ്രമിക്കുകയും വാഗ്ദാനലംഘനം നടത്തി വീണ്ടും വീണ്ടും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കുടുംബത്തിന് സമൂഹത്തിന്‍റെ കൈത്താങ്ങ് ഉറപ്പുവരുത്തുക കൂടിയാണെന്ന് സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ പറഞ്ഞു.


أحدث أقدم