കോട്ടയത്തിൻ്റെ ചരിത്രം ഉറങ്ങുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റക്കര പറപ്പള്ളില്‍ ആയുധ കളരിയില്‍ ദേവതകളെ കുടിയിരുത്തി,



മറ്റക്കര: നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പറപ്പള്ളില്‍ കളരി പുനര്‍നിര്‍മാണത്തിനുശേഷം ദേവതകളെ കുടിയിരുത്തി.  കുടുംബ കാരണവര്‍ സുകുമാരന്‍ കുഞ്ഞിയാണ് ദേവതകളെ കുടിയിരുത്തിയത്. പ്രധാന ദേവത ഭദ്രകാളിയാണ്. കൂടാതെ ഭൈരവന്‍, ഗുരുനാഥന്‍, ഗണപതി, ശാസ്താവ്, പരദേവത എന്നീ സങ്കല്‍പ്പങ്ങളുമുണ്ട്.  
എല്ലാ ദേവതകളും കുടികൊള്ളുന്നത് കളരിയുടെ ഉള്‍ഭാഗത്തുള്ള ഗര്‍ഭ ഗൃഹത്തിലാണ്. തെക്കന്‍കൂര്‍ രാജാക്കന്മാരുടെ അധീനതയിലുള്ള പ്രദേശത്തെ പ്രഭു കുടുംബക്കാരായിരുന്ന പറപ്പള്ളില്‍ കുടുംബക്കാരുടേതാണ് ഈ ആയുധ കളരി. കുടുംബത്തിന്റെ നാലുകെട്ടും ഒപ്പം കളരിയും നാശോന്മുഖമായി. കളരിയുടെ തറയും പ്രതിഷ്ഠകളും അവിടെ അവശേഷിച്ചു. വര്‍ഷങ്ങളോളം കാടുപിടിച്ചു കിടന്ന ഈ സ്ഥലത്ത്, അടുത്തകാലത്ത് ഉണ്ടായ ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് കളരി പുനര്‍നിര്‍മിക്കുവാന്‍ തീരുമാനമായത്. 
പറപ്പള്ളില്‍ കളരി ട്രസ്റ്റിന്റെ ചുമതലയിലാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ആറന്മുള വാസ്തുവിദ്യ ഗുരുകുലമാണ് പുനര്‍ നിര്‍മിച്ച കളരിയുടെ രൂപരേഖ തയ്യാറാക്കിയത്. വെട്ടുകല്ലും മരവും തറയോടും മറ്റും ഉപയോഗിച്ച് തികച്ചും പരമ്പരാഗത രീതിയിലുള്ള വാസ്തുവിദ്യ ശൈലിയിലാണ് കളരി പുനര്‍ നിര്‍മിച്ചത്. 
പഴയകാലത്ത് രാജാവിനെ സഹായിക്കുന്നതിനുള്ള പടയാളികളെ സജ്ജരാക്കുന്ന ആയുധ കളരിയായിരുന്നു പറപ്പള്ളില്‍ കളരി എന്ന് കരുതപ്പെടുന്നു. മറ്റക്കര കുറ്റിയാനിക്കല്‍ അയ്യന്‍ ഭട്ടര്‍ ശാസ്താക്ഷേത്രത്തിന് സമീപമാണ് കളരി നിലകൊള്ളുന്നത്. കളരിയില്‍ പരിശീലനം ആരംഭിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.



أحدث أقدم