ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജന്റെ തിളക്കം; പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മികച്ച നേട്ടം കൊയ്യുന്നു; സര്‍വ്വേകളില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലേബറിന്റെ ലീഡ് ഒറ്റമാസം കൊണ്ട് തന്നെ മൂന്ന് തവണ കുറച്ച് ടോറികള്‍ മുന്നേറുന്നു



 രാഷ്ട്രീയ എതിരാളികളുടെയും നിരീക്ഷകരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഋഷി സുനകിന് പ്രധാനമന്ത്രിപദത്തില്‍ ഒരു രണ്ടാമൂഴം ഉണ്ടായേക്കുമോ? നിലവിലെ, പൊതുജന മനോഭാവം വെച്ച് നോക്കിയാല്‍ അത് സംഭവിച്ചുകൂടായ്കയില്ല എന്നേ പറയാനാകൂ. ഒരു മാസം മുന്‍പ് വരെ ഏതാണ്ട് എല്ലാവരും എഴുതി തള്ളിയതായിരുന്നു ഋഷി സുനികിന് ഇനിയൊരു വട്ടം കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്നത്.
എന്നാല്‍, ഹരിത നയത്തില്‍ വരുത്തിയ മാറ്റങ്ങളും റുവാണ്ട പദ്ധതിയുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ഋഷിയുടെ ജനപ്രീതി സാവധാനം ഉയര്‍ത്തുന്നതാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിന് മുന്‍പായി ഡെയ്ലി മെയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ തെളിഞ്ഞത്, ഋഷി സുനക് ധീരമായി എടുത്ത തീരുമാനങ്ങള്‍ ജനങ്ങളെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വരുന്നു എന്നാണ്. എന്നാല്‍, നികുതി ഇളവുകള്‍ കൂടുതലായി വേണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
ദേശീയ കടം കുറച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ ജനങ്ങള്‍ ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറെക്കാള്‍ കൂടുതലായി വിശ്വസിക്കുന്നത് ഋഷി സുനകിനെയാണ്. അതുപോലെ അനധികൃത അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന കാര്യത്തിലും പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കുന്നത് നീട്ടിയതുള്‍പ്പടെയുള്ള ഹരിത നയങ്ങളിലും ജനങ്ങള്‍ പൂര്‍ണ്ണമായും ഋഷിക്കൊപ്പം നിലയുറപ്പിക്കുന്നു.
പകുതിയിലധികം പേര്‍ സര്‍ക്കാരിന്റെ പുതിയ ഹരിത നയങ്ങളെ അനുകൂലിച്ചപ്പോള്‍ വെറും 36 ശതമാനം പേര്‍ മാത്രമായിരുന്നു എതിര്‍ത്തത്. പുതിയ പെട്രോള്‍- ഡീസല്‍ കാറുകളുടെ വില്‍പന 2030 ഓടെ നിരോധിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍, കഴിഞ്ഞയാഴ്ച്ച ഋഷി സുനക് ഇത് 2035 വരെ നീട്ടിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടുന്നുണ്ടെങ്കിലും, ഋഷി ഇപ്പോഴും പാര്‍ട്ടിയെ ഒരു തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാന്‍ കെല്‍പുള്ള നേതാവ് തന്നെയാണെന്നാണ് സര്‍വ്വേ ഫലം പറയുന്നത്.
അതേസമയം, ടെക്നി യു കെ ന്നടത്തിയ ട്രാക്കര്‍ പോളിലും കണ്‍സര്‍വേറ്റീവ്ബ് പാര്‍ട്ടി സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്., ജനപ്രീതിയില്‍ ഇപ്പോഴും ലേബര്‍ പാര്‍ട്ടി തന്നെയാണ് മുന്‍പിലെങ്കിലും, ഇരു പാര്‍ട്ടികളും തമ്മിലുള്ള വിടവ് കുറയ്ക്കാന്‍ ടോറികള്‍ക്കായിട്ടുണ്ട്. ഒരു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ വിടവ് കുറച്ചു കൊണ്ടു വരുന്നത്. ഒരു മാസം മുന്‍പ് ഇതുവരുടെയും ജനപ്രീതികള്‍ക്കിടയില്‍ ഉണ്ടായിരുന്ന വ്യത്യാസം 21 പോയിന്റാണെങ്കില്‍, കഴിഞ്ഞയാഴ്ച്ച അത് 19 പോയിന്റായി കുറഞ്ഞിരുന്നു. ഈയാഴ്ച്ച അത് വീണ്ടും കുറഞ്ഞ് 18 പോയിന്റ് ആയിട്ടുണ്ട്.
ബോറിസ് ജോണ്‍സന്റെ രാജിയെ തുടര്ന്നുണ്ടായ സംഭവവികാസങ്ങള്‍ ഏറെ പരമ്പരാഗത വോട്ടര്‍മാരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും അകറ്റിയിരുന്നു. പണപ്പെരുപ്പം വലിയൊരു പരിധിവരെ പിടിച്ചു നിര്‍ത്താനായതും, റുവാണ്ടന്‍ പദ്ധതിയും അതുപോലെ പുതിയ ഹരിത നയങ്ങളുമൊക്കെ ഇവരെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇത് നല്ലൊരു തുടക്കം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വരുന്ന മാസങ്ങളില്‍, മെച്ചപ്പെട്ട നയങ്ങളും പദ്ധതികളും വഴി കുറേപ്പേരെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സാധിച്ചാല്‍, ഋഷിക്ക് ഒരു രണ്ടാമൂഴം ലഭിക്കുക എന്നത് അസംഭവ്യമല്ലെന്നും അവര്‍ വിശ്വസിക്കുന്നു.
أحدث أقدم