ലിഫ്​റ്റ്​ ചോദിച്ച്​ ബൈക്കിൽ കയറിയ ശേഷം കവർച്ച: രണ്ടുപേർ അറസ്റ്റിൽ


ആലപ്പുഴ കലവൂർ എ എൻ കോളനിയിൽ  അരുൺ (മൊട്ട-28), മണ്ണഞ്ചേരി മണിമല വീട്ടിൽ നിജാസ് (തട്ട്-27) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ്​ അറസ്​റ്റ്​ ചെയ്തത്.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ കൈനകരി സ്വദേശിയാണ്​  കവർച്ചയ്ക്ക് ഇരയായത്​.
ഇയാൾ ജോലികഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകവേ ആലപ്പുഴ എസ് ഡി കോളേജിന്​ മുൻവശത്തുവച്ച് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ മോഷ്ടാക്കൾ ചങ്ങനാശ്ശേരി ജങ്​ഷന് കിഴക്ക് വശത്ത് വച്ച് കഴുത്തിന് ചുറ്റിപിടിച്ച്​ മർദിക്കുകയായിരുന്നു.
പിന്നീട്​കൈവശമുണ്ടായിരുന്ന പേഴ്​സ്​ ബലമായി പിടിച്ചുവാങ്ങി  2400 രൂപ കവർന്നു.
ബൈക്കിന്റെ താക്കോൽ ഊരി മുതുകിൽ കുത്തി പരിക്കേൽപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്​ കേസെടുത്ത്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികളെ പിടികൂടിയത്​.

സൗത്ത്​ സി ഐ എസ്.അരുൺ, എസ് ഐമാരായ കെ.ആർ. ബിജു, ചന്ദ്രബാബു, സീനിയർ സി പി ഒമാരായ വിപിൻദാസ്, ബിനോജ്, കെ ടി സജീവ്,അനസ്,വികാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ  പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിക​ളെ റിമാന്റ് ചെയ്തു.
Previous Post Next Post