ഇന്ന് ​ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മരണകളിൽ രാജ്യം



രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.“മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വരും തലമുറകൾക്ക് കഴിഞ്ഞെന്നു വരില്ല”-രാഷ്ട്രപിതാവിനെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്നും ഗാന്ധിജിയുടെ സന്ദേശങ്ങളും ആ ജീവിതവും പ്രസക്തമാകുമ്പോൾ വീണ്ടും വീണ്ടും നമ്മൾ ഐൻസ്റ്റീൻ്റെ വാക്കുകൾ ഓർക്കുന്നു. ലോക നേതാക്കൾ രാജ്ഘട്ടിൽ രാഷ്ട്രപിതാവിന്റെ സ്മൃതിമണ്ഡപത്തിൽ ഒന്നിച്ചെത്തിയത് ആ മഹാത്മാവിനോടുള്ള ആദരവ് ഒന്നുകൊണ്ടു മാത്രം. ലോകത്തിനു മുന്നിൽ ഗാന്ധിജി എന്ന മനുഷ്യൻ മുന്നോട്ടുവച്ച ആശയങ്ങളും ആദർശങ്ങളും ഇന്നും പ്രസക്തമാണ് എന്നതിൻറെ നേർസാക്ഷ്യമായിരുന്നു ആ അപൂർവ കാഴ്ച.

മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും മാത്രമായിരുന്നു ഗാന്ധിജിയുടെ കൂറ്. സത്യമാണ് ദൈവം എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകരായും ജീവിച്ചു ഗാന്ധിജി. ആ പാതയിൽ മനുഷ്യരെ സധൈര്യം നയിച്ചു. വൈരുദ്ധങ്ങളോട് ഗാന്ധിജി നിരന്തരം സംഭവിച്ചു. പാരമ്പര്യത്തിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു. മുഴുവൻ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ളത് ഈ ഭൂമിയിൽ ഉണ്ടെന്നും എന്നാൽ ഒരാളുടെ പോലും ആ തൃപ്തിപ്പെടുത്താൻ അതിന് കഴിയില്ലെന്നും ഗാന്ധിജി വിശ്വസിച്ചു.

നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തൻ 1948 ജനുവരി 30 ന് വെടിയുതിർത്ത് ഇല്ലാതാക്കിയത് ലോകത്തെ എക്കാലത്തെയും വലിയ സ്വാതന്ത്ര്യ പ്രതീകത്തെ ആയിരുന്നു. ഒരു ജനതയുടെ, രാഷ്ട്രത്തിന്റെ ആത്മാവിനെ തന്നെയായിരുന്നു…ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങൾ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.

أحدث أقدم