തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൻ്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ നൽകിയ ട്രാൻസ്ഫർ ഹർജിയാണ് ജസ്റ്റിസ് ദിപാങ്കർ ദത്തയുടെ ബെഞ്ച് തള്ളിയത്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലാണെന്നും അതിനാൽ നാഗർകോവിൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
പ്രതികളുടെ ആവശ്യം വിചാരണാ കോടതിയെയാണ് അറിയിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിപാങ്കർ ദത്ത ട്രാൻസ്ഫർ ഹർജി തള്ളിയത്. അഭിഭാഷകരായ ശ്രീറാം പറകാട്, സതീഷ് മോഹൻ എന്നിവരാണ് പ്രതികൾക്കുവേണ്ടി ഹാജരായത്. ക്രിമിനൽ നടപടി ചട്ടത്തിലെ 177-ാം വകുപ്പ് പ്രകാരം, കുറ്റകൃത്യം നടന്ന സ്ഥലത്തിൻ്റെ പരിധിയിലുള്ള കോടതിയിലാണ് കേസ് പരിഗണിക്കേണ്ടതെന്നും ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലായതിനാൽ തിരുവനന്തപുരം കോടതിക്ക് കേസ് പരിഗണിക്കാനാകില്ലെന്നുമായിരുന്നു അഭിഭാഷകരുടെ വാദം. ഇക്കാര്യം വിചാരണാ കോടതിയെയാണ് അറിയിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പ്രതികളുടെ ഹർജി തള്ളിയത്.ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പ്രതി ഗ്രീഷ്മ കഴിഞ്ഞ മാസം 26ന് ജയിൽ മോചിതയായിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജൂഡീഷ്യൽ കസ്റ്റഡി തുടരേണ്ടെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ഗ്രീഷ്മക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥവെച്ചാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും വ്യവസ്ഥയിലുണ്ട്. മാവേലിക്കര സബ് ജയിലിൽനിന്ന് മോചിതയായ ഗ്രീഷ്മയെ ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയ ഗ്രീഷ്മയോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു കൊല്ലപ്പെട്ട ഷാരോണിൻ്റെ കുടുംബത്തിൻ്റെ പ്രതികരണം. വിചാരണാ കോടതിയിൽ നല്ല രീതിയിൽ കേസ് മുന്നോട്ടുപോയെന്നും ഹൈക്കോടതിയിൽ വീഴ്ച പറ്റിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്നുമാണ് മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയത്. പ്രതി സാക്ഷികള സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനും സാധ്യതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.