സ്പെയിനിലെ നാവാര മേഖലയില്‍ പരീക്ഷിച്ച ഈ പുതിയ സാങ്കേതിക വിദ്യയില്‍ ഉപയോഗിച്ചിരിക്കുന്നത് ലേസര്‍ സാങ്കേതിക വിദ്യയാണ്. ഒപ്പം ഡോപ്ലര്‍ പ്രഭാവ സാങ്കേതിക വിദ്യയും. ഈ രണ്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച്, വാഹനത്തിന്റെ ഒരു നിശ്ചിത ദൂരപരിധിയിലുള്ള വേഗത കൃത്യമായി അളക്കാന്‍ സാധിക്കും. കാമറകള്‍ക്ക് സമീപം മാത്രം വേഗത കുറയ്ക്കുകയും പിന്നീട് അമിത വേഗത്തില്‍ വാഹനമോടിക്കുകയും ചെയ്യുന്നവരെ പിടികൂടാന്‍ സ്പെയിന്‍ ഇപ്പോള്‍ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
റോഡ് ഏഞ്ചല്‍സ് സ്ഥാപകന്‍ ഗാരി ഡിഗ്വയാണ് ഇപ്പോള്‍ ഈ സംവിധാനം യൂ കെയില്‍ ആകമാനം ഉപയോഗിക്കാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ പിഴയൊടുക്കേണ്ടതായോ ഇല്ലെങ്കില്‍ അനുവദനീയമായ വേഗതയില്‍ വാഹനമോടിക്കേണ്ടതായോ വരുമെന്നും അദ്ദേഹം പറയുന്നു. യു കെയില്‍, വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ നാലില്‍ ഒന്ന് അമിത വേഗതമൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് ഈ വാര്‍ത്തയും എത്തുന്നത്.
ലെയ്നുകള്‍ കൂടെക്കൂടെ മാറിക്കൊണ്ടിരുന്നാല്‍ ശരാശരി വേഗത കണക്കാക്കുന്ന കാര്യത്തില്‍ ക്യാമറകളെ കബളിപ്പിക്കാം എന്നാണ് പല ഡ്രൈവര്‍മാരുംകരുതുന്നത്. പഴയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമറകളെ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ സാധ്യമായിരുന്നു. എന്നാല്‍, ആധുനിക ക്യാമറ എത്തുന്നത്, ഓരോ പോയിന്റിലും ഒന്നിലധികം ക്യാമറകളുടെ സെറ്റ് ആയിട്ടാണ്. അതുകൊണ്ട് തന്നെ എല്ലാ ലെയ്നുകളും നിരീക്ഷിക്കാനും ശരാശരി വേഗത കൃത്യമായി കണക്കാക്കാനും കഴിയും.