തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോ​ഗം സ്ഥിരീകരിച്ചു, ഒരാൾ ആശുപത്രിയിൽ, എന്താണ് ബ്രൂസെല്ലോസിസ്? ലക്ഷങ്ങൾ എന്തൊക്കെ? കൂടുതൽ അറിയാം


 

തിരുവനന്തപുരം: ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെറ്റിനാടുള്ള അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലികളിൽനിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് റിപ്പോർട്ട്. രോഗബോധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്ടീരിയൽ രോഗമാണ് ബ്രൂസെല്ലോസിസ്. കേരളത്തിൽ ഇതിനുമുമ്പും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണവൈറസ്സിന് പിന്നാലെ ചൈനയിൽ പടർന്നു പിടിച്ചിരുന്ന രോഗമായിരുന്നു ബ്രൂസെല്ലോസിസ്. വളർത്തുമൃഗങ്ങൾക്കാണ് സാധാരണയായി രോഗം ബാധിക്കുക. മൃഗങ്ങളുമായി അടുത്തിടപഴകിയ ആളുകളിൽ ഈ രോഗം ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.കൊറോണ വൈറസ്, ഹന്റാവൈറസ്, ജി 4-പന്നിപ്പനി വൈറസിന്റെ പുതിയ വകഭേദം, ബ്യൂബോണിക് പ്ലേഗ്, ടിക് വൈറസ് എന്നിവ റിപ്പോർട്ട് ചെയ്ത ശേഷം, 2020 ൽ ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും പുതിയ പകർച്ചവ്യാധിയായിരുന്നു ബ്രൂസെല്ലോസിസ്. ലോകാരോഗ്യ സംഘടനയും രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രങ്ങളും ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബ്രൂസെല്ല എന്ന ബാക്ടീരിയ രോഗം പല തരം കന്നുകാലികൾ, പന്നികൾ, ആടുകൾ, ചെമ്മരിയാടുകൾ, നായ്ക്കൾ എന്നിവയെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, ബാക്ടീരിയ ബാധിച്ച മൃഗ ഉൽ‌പന്നങ്ങൾ കഴിക്കുന്നതിലൂടെയോ അല്ലെങ്കിൽ കുടിക്കുന്നതിലൂടെയോ അല്ലെങ്കിൽ വായുവിലൂടെയുള്ള ബാക്ടീരിയ ശ്വസിക്കുന്നതിലൂടെയോ മനുഷ്യർക്ക് രോഗം പകരാം.

മൃഗങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും, അവയുടെ രക്തം, മറുപിള്ള, ഭ്രൂണം, ഗർഭപാത്ര സ്രവങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പനി, ബലഹീനത, ശരീരഭാരം കുറയുക എന്നിവ ഉൾപ്പെടെയുള്ള പനിയുടേത് പോലുള്ള ലക്ഷണങ്ങളാണ് ഈ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ. സംയോജിത ആൻറിബയോട്ടിക് ചികിത്സയാണ് ഈ രോഗത്തിന് ഇപ്പോൾ ലഭ്യമായ ഏറ്റവും അനുയോജ്യമായ ചികിത്സ. ആന്റിബോഡി പരിശോധനയിലൂടെ ബ്രൂസെല്ലോസിസ് ബാധ കണ്ടെത്താൻ കഴിയും.
أحدث أقدم