ഹമാസിനെ കേന്ദ്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല; ഹമാസ് നേതാവിൻ്റെ പ്രസംഗത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പൊലീസ്

 



മലപ്പുറത്തെ പലസ്തീൻ അനുകൂല പരിപാടിയിൽ ഓൺലൈനായി പ്രസംഗിച്ച ഹമാസ് നേതാവ് ഖാലിദ് മിഷേലിൻ്റെ പ്രസംഗത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പൊലീസ്. ഹമാസ് നേതാവിന്റെ പ്രസംഗം കേരളാ പൊലീസ് പരിശോധിച്ചു. കേസെടുക്കാൻ വകുപ്പില്ല എന്നാണ് പൊലീസ് നിഗമനം. ഹമാസ് ഖത്തർ നേതാവ് ഖാലിദ് മിഷേലിന്റെ അറബി പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ പരിശോധിച്ചാണ് പൊലീസിൻ്റെ നിഗമനം. ഹമാസിനെ ഭീകര സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. യുഎപ്പിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ല. ഐക്യരാഷ്ട്ര സംഘടനയും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഖാലിദ് മിഷേലിന്റെ പ്രസംഗത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 153 പ്രകാരം രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.വെള്ളിയാഴ്ച വൈകിട്ട് യുവജന പ്രതിരോധം എന്ന പേരില്‍ ജമാഅത്ത് ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചത്. ഈ പ്രസംഗത്തിൽ ഓൺലൈനായി ഖാലിദ് മിഷേൽ സംസാരിക്കുകയായിരുന്നു. സംഘാടകർ തന്നെ ഈ വിഡിയോ പുറത്തുവിടുകയും ചെയ്തു.

‘അൽ അഖ്സ നമ്മുടെ അഭിമാനമാണ്, നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് ആകാശ ലോകത്തേക്ക് മിഅ്റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാർ കഴിഞ്ഞ ഒക്ടോബർ 7 മുതൽ അഖ്സക്ക് വേണ്ടി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രായേൽ നമ്മുടെ ഗസ്സയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീർക്കുകയാണ്. നമ്മുടെ വീടുകൾ അവർ തകർത്തു കൊണ്ടിരിക്കുകയാണ്. അവർക്കെതിരെയുള്ള പോരാട്ട മുഖത്ത് ഇസ്ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കിൽ വലിയ പരീക്ഷണങ്ങൾ ഉണ്ടാവും. നമ്മൾ വിജയിക്കുക തന്നെ ചെയ്യും.’- ഖാലിദ് മിഷേൽ അറബിയിൽ നടത്തിയ പ്രസംഗത്തിന്‍റെ മലയാളം പരിഭാഷയിൽ പറയുന്നു.

أحدث أقدم