മുഹമ്മദ് ഫൈസലിന് തിരിച്ചടി; വധശ്രമക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിന് സ്റ്റേയില്ല




 
കൊച്ചി : വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് വിധി കോടതി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ പത്തു വര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരവ് മരവിപ്പിച്ചു. 

നേരത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചത്. 

മുന്‍ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നു പേരും കുറ്റക്കാരാണെന്നു കവറത്തി സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കു പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധി വന്നതിനു പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി.

കുറ്റക്കാരനെന്നു കണ്ടെത്തിയതിനെതിനെയും ശിക്ഷാവിധിയെയും ചോദ്യം ചെയ്താണ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷാ വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഫൈസലിന്റെ പാര്‍ലമെന്റ് അംഗത്വം വീണ്ടും തുലാസിലായി. ഫൈസലിന്l അയോഗ്യത നേരിടേണ്ടിവരുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

أحدث أقدم