തിരുവനന്തപുരം▪️എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. നവംബര്‍ അഞ്ചുമുതല്‍ പണിമുടക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ അറിയിക്കുന്നത്. കഴിഞ്ഞ 11 മാസമായി വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ട്രക്ക് ഡ്രൈവര്‍മാര്‍. എന്നാല്‍ അനുകൂല നടപടികള്‍ ഉടമകളുടെ ഭാഗത്തുനിന്ന് ലഭിക്കാതായതോടെയാണ് സമരത്തിലേയ്ക്ക് നീങ്ങുന്നത്. ലേബര്‍ ഓഫീസര്‍മാരും ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും സംയുക്തമായി നടത്തിയ ചര്‍ച്ചകളും ഫലം കണ്ടിരുന്നില്ല. ഇന്ന് രണ്ട് മണിവരെ ട്രക്ക് ഡ്രൈവര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നുണ്ട്. നവംബര്‍ അഞ്ചിന് മുന്‍പായി മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും സൂചനയുണ്ട്. ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേയ്ക്ക് നീങ്ങിയാല്‍ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്നത് കണക്കിലെടുത്താണിത്.
നിലവില്‍ ഓരോ ട്രിപ്പ് അനുസരിച്ചുള്ള വേതനമാണ് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നത്. ഇത് ഒഴിവാക്കി ഫെയര്‍വേജ് സംവിധാനം നടപ്പിലാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ട്രക്ക് ഉടമകള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നും സംഘടനകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് കടക്കുന്നത്. അതേസമയം, കഴിഞ്ഞയാഴ്ച വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (19 കിലോ) വില വര്‍ദ്ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 209 രൂപയാണ് കൂടിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന് വില 160 രൂപയും ഗാര്‍ഹിക സിലിണ്ടറിന് 200 രൂപയും കുറച്ചിരുന്നു. ക്രൂഡോയില്‍ വില വര്‍ദ്ധന ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് എണ്ണക്കമ്ബനികള്‍ വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയത്.
കേരളത്തിലെ വില കൊച്ചി: 1747.50 രൂപ ,തിരുവനന്തപുരം: 1768.50 രൂപ കോഴിക്കോട് : 1780 രൂപ (ജി.എസ്.ടി 18 % )