ആശുപത്രികളിലെ പഴയ വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കണം; നിർദേശവുമായി മന്ത്രി വീണാ ജോർജ്



 തിരുവന്തപുരം: ആശുപത്രി കോമ്പൗണ്ടുകളിലെ തുരുമ്പെടുത്ത് ദ്രവിച്ച വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം ജില്ലാ ആശുപത്രിയിലെ സന്ദർശനത്തിന് പിന്നാലെയാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇത്തരം വാഹനങ്ങൾ കാരണം നിർമാണ പ്രവർത്തനം പോലും തടസ്സപ്പെടുന്ന സാഹചര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സർക്കാർ ആശുപത്രികളിൽ കാലപ്പഴക്കം കൊണ്ട് പത്തും അധിലധികവും അല്ലാതെയും വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

മന്ത്രിയുടെ വാക്കുകൾ വായിക്കാം:


'മിക്ക ആശുപത്രി കോമ്പൗണ്ടുകളിലുമുണ്ട് അനേകം വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങൾ. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങൾ. 'ആർദ്രം ആരോഗ്യം' താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി സന്ദർശനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള അനേകം വാഹനങ്ങൾ കണ്ടു. ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ല.

കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിലുള്ള വർഷങ്ങളായി ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങൾ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിർമാണ പ്രവർത്തനം പോലും തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ട്. സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങൾ കണ്ടം ചെയ്യുന്ന നടപടികൾക്ക് ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കേണ്ടതുണ്ട്. വാഹനം സംബന്ധിച്ച ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ട് നൽകൽ, ഉപയോഗശൂന്യമായ വാഹനത്തിന് വാല്യു അസസ്മെന്‍റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി നടക്കേണ്ടതുണ്ട്.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലപ്പഴക്കം കൊണ്ട് പത്തും അധിലധികവും അല്ലാതെയും വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് നടപടിക്ക് നിർദ്ദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കും. (കേന്ദ്രസർക്കാരിന്‍റെ സ്ക്രാപ് പോളിസി പ്രകാരം സർക്കാർ മേഖലയ്ക്ക് മാത്രം ഒഴിവാക്കൽ നിർബന്ധമാക്കിയ വാഹനങ്ങൾ ഇവയിൽ പെടുന്നില്ല)'ഇന്നലെ ആര്‍ദ്രം ആരോഗ്യത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ആശുപത്രികളാണ് മന്ത്രി സന്ദര്‍ശിച്ചത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി, ഇരിട്ടി ആശുപത്രി, ഇരിക്കൂര്‍ താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മങ്ങാട്ടുപറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി തുടങ്ങിയ മലയോര മേഖലയിലെ ആശുപത്രികളും കണ്ണൂര്‍ ജില്ലാ ആശുപത്രിയും വീണാ ജോർജ് സന്ദര്‍ശിച്ചിരുന്നു.

കൂത്തുപറമ്പിലെ ആശുപത്രിയുടെ സ്ഥലപരിമിതിക്ക് പരിഹാരമാകുമെന്നായിരുന്നു സന്ദർശനത്തിന് പിന്നാലെ മന്ത്രി പറഞ്ഞത്. കിഫ്ബി പ്രവര്‍ത്തിയുടെ സിവില്‍ വര്‍ക്ക് 40 ശതമാനം പൂര്‍ത്തിയായി. പേരാവൂരില്‍ വ്യവഹാരങ്ങളില്‍പ്പെടുത്തി ചിലര്‍ തടസപ്പെടുത്താന്‍ ശ്രമിച്ച പുതിയ ആശുപത്രി കെട്ടിടത്തിന് ടെന്‍ഡറിങ് നടപടികള്‍ അവസാന ഘട്ടത്തിലാണ്.

നിലവിലെ സാഹചര്യത്തില്‍ പേരാവൂരിൽ പ്രത്യേക പീഡിയാട്രിക് വാര്‍ഡ് ക്രമീകരിക്കും. ഇരിട്ടിയില്‍ ഗൈനക് വിഭാഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ അനസ്‌തെസിസ്റ്റ് നിയോഗിക്കും. ഇരിക്കൂര്‍ ആശുപത്രിയില്‍ താലൂക്കുതല ആശുപത്രിയാക്കിയ 2015ലെ ഉത്തരവില്‍ വ്യക്തത വരുത്തും. തളിപ്പറമ്പില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള ലേബര്‍ റൂമും ഓപ്പറേഷന്‍ തീയേറ്ററും നവംബര്‍ അവസാനത്തോടെ സജ്ജമാക്കും. തളിപ്പറമ്പില്‍ കൂടുതല്‍ ഡയാലിസിസ് മെഷീനുകള്‍ ക്രമീകരിക്കും.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സേവനം ഒരു മാസത്തിനുള്ളില്‍ പുതിയ കെട്ടിടത്തില്‍ നല്‍കാനാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. ഇരിക്കൂരില്‍ അനുവദിച്ച പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിലെ തടസങ്ങള്‍ ഒഴിവാക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ യോഗം അടുത്തയാഴ്ച ചേരുന്നുണ്ട്. കണ്ണൂർ ജില്ലയിലെ മറ്റു ആശുപത്രികളുടെ സന്ദർശനം പൂർത്തിയാക്കിയ ശേഷമുള്ള സമഗ്ര അവലോകന യോഗത്തിൽ കഴിഞ്ഞദിവസമെടുത്ത തീരുമാനങ്ങളുടെ കാര്യങ്ങളും മറ്റുള്ളവയും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
أحدث أقدم