യുകെയിലെമ്പാടും പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍; ലണ്ടനില്‍ ലക്ഷം പേരുടെ റാലി, ഹോം സെക്രട്ടറി മെറ്റ്‌ പോലീസിനെ വിളിപ്പിച്ചു



യുകെയിലെമ്പാടും പാലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി. ലണ്ടന്‍, കാര്‍ഡിഫ്, ബെര്‍മിംഗ്ഹാം, ബെല്‍ഫാസ്റ്റ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. ലണ്ടനില്‍ ഡൗണിങ് സ്ട്രീറ്റിന് സമീപം ലക്ഷം പേരുടെ റാലിയാണ് നടന്നതെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. പ്രകടനം ആക്രമാസക്തവുമായി. നിരവധി പേര്‍ അറസ്റ്റിലായി.


ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഹമാസിനെ പിന്തുണക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്തു പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ വര്‍ധിക്കുകയാണ് എന്നാണു റിപ്പോര്‍ട്ട്. ലണ്ടനില്‍ നടന്ന പ്രകടനത്തിന് പുറമെ ബെര്‍മിംഗ്ഹാം, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ്, സാല്‍ഫോര്‍ഡ് തുടങ്ങിയ നിരവധിയിടങ്ങളിലും പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ അരങ്ങേറി.തലസ്ഥാനത്ത് ഡൗണിംഗ് സ്ട്രീറ്റിന് സമീപം നടന്ന ഒരു റാലിയോടെയാണ് ലണ്ടനിലെ പ്രകടനം സമാപിച്ചിരിക്കുന്നത്.ലണ്ടനിലെ പ്രകടനം ആക്രമാസക്തമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ആയിരത്തിലധികം ഓഫീസര്‍മാര്‍ എന്തിനും തയ്യാറായി തെരുവിലിറങ്ങിയിരുന്നുവെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസ് പറയുന്നത്. ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ആക്രമങ്ങള്‍ നടത്തിയെന്ന പേരില്‍ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ പ്രകടനത്തില്‍ പടക്കം പൊട്ടിക്കുകയും നിയമങ്ങള്‍ ലംഘിക്കുകയും എമര്‍ജന്‍സി വര്‍ക്കര്‍ക്ക് നേരെ ആക്രമം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു.


കാര്‍ഡിഫില്‍ ആയിരത്തോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തിരുന്നത്. ഇവര്‍ പാലസ്തീന്‍ പതാകകള്‍ വീശുകയും പാലസ്തീനെ പിന്തുണക്കുന്ന പ്ലേക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. വെയില്‍സ് പാര്‍ലമെന്റിലേക്കായിരുന്നു ഇവര്‍ മാര്‍ച്ച് നടത്തിയിരുന്നത്. വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഈ മാര്‍ച്ചില്‍ ഗാസയില്‍ പൂര്‍ണണായ വെടിനിര്‍ത്തലിന് ബ്രിട്ടീഷ് , വെയില്‍സ് ഗവണ്‍മെന്റുകള്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പുറമെ ഗാസയിലേക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ കൂടുതലായി പ്രദാനം ചെയ്യുന്നതിന് നേതൃത്വം നല്‍കാനും ഇവര്‍ ബ്രിട്ടീഷ്-വെയില്‍സ് ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടിരുന്നു.


ഗാസയിലെ ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് തങ്ങള്‍ തെരുവുകളിലേക്കിറങ്ങിയതെന്നാണ് പാലസ്തീനിയന്‍ സോളിഡാരിറ്റി കാംപയിന്‍ കാര്‍ഡിഫിലെ മാഗി മോര്‍ഗന്‍ പറയുന്നത്. ഗാസയിലേക്ക് കൂടുതല്‍ മനുഷ്യാവകാശ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സുനക് പ്രതികരിച്ചിരിക്കുന്നത്. ഹമാസിന്റെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്നും ഈ പ്രദേശത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്നും ഈ വാരത്തില്‍ ഇസ്രായേല്‍, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം സുനക് സാക്ഷ്യപ്പെടുത്തിയിരുന്നു. ഗാസയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് അവര്‍ക്കുള്ള മനുഷ്യാവകാശ പിന്തുണ വര്‍ധിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും സുനക് പറയുന്നു.


ലണ്ടനിലെ പ്രതിഷേധ പ്രകടനത്തിന്റെ വെളിച്ചത്തില്‍ ഹോം സെക്രട്ടറി സുവല്ല ബ്രെവര്‍മാന്‍ ഇന്ന് മെറ്റ്‌ പോലീസിന്റെ കൂടിക്കാഴ്ച വിളിച്ചിട്ടുണ്ട്. മന്ത്രി വിശദീകരണം ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

أحدث أقدم