അബൂദബി: യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പരിചയമുള്ളവരുടെ നമ്പറിൽ നിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും വിവരങ്ങൾ ചോർത്തുകയാണ് ഹാക്കർമാർ. കഴിഞ്ഞ കുറേ മണിക്കൂറികളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ദുബൈ ഡിജിറ്റൽ അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകളിലൂടെ വാട്ട്സ്ആപ്പിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഹാക്കർമാർ ബാങ്ക് കാർഡ് വിവരങ്ങളും മറ്റും ചോർത്തി തട്ടിപ്പ് നടത്തുകയാണ്.
സംശയകരമായ ഏത് നീക്കത്തെയും കരുതിയിരിക്കണമെന്നാണ് ദുബൈ ഡിജിറ്റൽ നൽകുന്ന ജാഗ്രതാ നിർദേശം. വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയിൽപെട്ടാൽ support@whatsapp.com എന്ന ഇമെയിൽ വിലാസത്തിൽ അക്കാര്യം അറിയിക്കണം. വാട്ട്സ്പ്പിനായി ഉപയോഗിക്കുന്ന നമ്പർ കൈമാറി അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെടണെന്നും ടി ഡി ആർ എ നിർദേശിക്കുന്നു.
വാട്ട്സ്ആപ്പ് അപ്ലിക്കഷേൻ മൊബൈലിൽ നിന്ന് പലതവണ നീക്കം ചെയ്യുകയും, റീ ഇൻസ്റ്റാൽ ചെയ്യുകയും വേണം. ദിവസം പലതവണ റീ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കണം. വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ബന്ധുക്കളെയും, സുഹൃത്തുക്കളെയും അറിയിക്കണം. തന്റെ നമ്പറിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് അവരോട് നിർദേശിക്കണമെന്നും ടി ഡി ആർ എ പറയുന്നു.