ലണ്ടനിലെ ലുട്ടന്‍ എയര്‍പോര്‍ട്ടില്‍ വന്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ കാര്‍ പാര്‍ക്കിലുണ്ടായ അഗ്നിബാധ കാരണം ആരും അവിടേക്ക് പോകരുതെന്ന കടുത്ത നിര്‍ദേശവും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. ടെര്‍മിനല്‍ കാര്‍ പാര്‍ക്ക് 2 തീപിടിത്തത്തെ തുടര്‍ന്ന് കടുത്ത നാശത്തിന് വിധേയമായെന്ന് ബെഡ്‌ഫോര്‍ഡ് ഷെയര്‍ ഫയര്‍ സര്‍വീസസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തീപിടിത്തത്തെ തുടര്‍ന്ന് 15 ഫയര്‍ എന്‍ജിനുകളാണ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നത്. ഒന്നിലധികം നിലകളുളള കാര്‍ പാര്‍ക്കിനെയും ഇതില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളെയും തീപിടിത്തം ബാധിച്ചിട്ടുണ്ട്.
ഇന്ന് ബ്രിട്ടീഷ് സമയം ഉച്ചക്ക് 12 മണി വരെ ലുട്ടനിലേക്കുള്ളതും ഇവിടെ നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണീ നീക്കമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വിശദീകരിക്കുന്നത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കടുത്ത പുക ശ്വസിച്ച് നാല് ഫയര്‍ ഫൈറ്റര്‍മാരെയും ഒരു എയര്‍പോര്‍ട്ട് ജീവനക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട് . വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നൂറ് കണക്കിന് യാത്രക്കാരാണ് ലുട്ടന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.ലക്ഷ്യങ്ങളിലേക്കെത്താന്‍ മറ്റ് വഴികളൊന്നും കാണാതെ ഇവിടെ ബുദ്ധിമുട്ടുന്നവരേറെയാണ്. തീപിടിത്തമുണ്ടായ കാര്‍ പാര്‍ക്കില്‍ തങ്ങളുടെ കാറുകളുണ്ടായിരുന്നുവെന്ന ആശങ്ക പങ്ക് വച്ചവരേറെയാണ്. വിമാനത്താവളത്തിന് സമീപത്തെ എല്ലാ ഹോട്ടലുകളിലും വിമാനയാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിട്ടുണ്ട്. എയര്‍ലൈനുകള്‍ തങ്ങളെ മോശം താമസസ്ഥലങ്ങളില്‍ കൊണ്ട് പോയി തള്ളിയെന്ന പരാതിയുമായി നിരവധി യാത്രക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. സംഭവസ്ഥലത്ത് കനത്ത പോലീസ് സാന്നിധ്യമാണുള്ളത്. തീപിടിത്തമുണ്ടായിടത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ പോലീസ് കടുത്ത ശ്രമമാണ് നടത്തി വരുന്നത്.
ഇതിനിടെ ലുട്ടന്‍ എയര്‍പോര്‍ട്ട് ട്രെയിന്‍ സ്‌റ്റേഷനില്‍ തിക്കും തിരക്കും കൂട്ടിയെത്തിയ യാത്രക്കാരേറെയാണ്. എങ്ങനെയെങ്കിലും മറ്റ് വിമാനത്താവളങ്ങളിലേക്കെത്തി വിമാനം പിടിക്കാന്‍ ശ്രമിക്കുന്നവരാണിവരില്‍ അധികവുമുണ്ടായിരുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് തീ ഉയര്‍ന്ന് പൊങ്ങുന്നതും പുക ഉയരുന്നതുമായ ഭയാനകമായ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിട്ടുണ്ട്.
ഹീത്രു, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍, സ്റ്റാന്‍സ്‌റ്റെഡ് എന്നീ വിമാനത്താവളങ്ങള്‍ കഴിഞ്ഞാല്‍ ലുട്ടന്‍ ആണ് യുകെയിലെ ഏറ്റവും വലിയ അഞ്ചാമത്തെ എയര്‍പോര്‍ട്ട്. ഈ വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ കടന്ന് പോയത് 13 മില്യണിലധികം യാത്രക്കാരായിരുന്നു.