യുകെയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടു കള്ളപ്പണ കടത്തുകാര്‍



യുകെ:  യുകെയിലെ രക്ഷിതാക്കള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് യുകെയിലെ ആന്റിഫ്രോഡ് ഏജന്‍സിയായ സിഫാസും ബാങ്കിംഗ് ട്രേഡ് ബോഡിയായ യുകെ ഫിനാന്‍സും മുന്നറിയിപ്പേകിയിരിക്കുന്നത്.

രാജ്യമാകമാനമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിപ്പ് സംഘങ്ങള്‍ വന്‍ തോതില്‍ കള്ളപ്പണ കടത്തിന് ഉപയോഗിച്ച് ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണീ മുന്നറിയിപ്പ്.


ഇത്തരം തട്ടിപ്പുകാരുടെ വലയില്‍ പെട്ട് പോകരുതെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പേകാനായി സ്‌കൂളുകള്‍ പ്രത്യേക അസംബ്ലികള്‍ വിളിച്ച് കൂട്ടി താക്കീത് നല്‍കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ കള്ളപ്പണ കടത്തുകാര്‍ കുട്ടികളെ വിവിധ രീതിയില്‍ വശീകരിച്ച് അവരുടെ അക്കൗണ്ടുകളിലേക്ക് വന്‍ തുകകള്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അത് പിന്‍വലിക്കുകയോ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ആണ് ഈ തട്ടിപ്പിന്റെ അടിസ്ഥാനം. ഇത്തരത്തില്‍ തട്ടിപ്പിന് കൂട്ട് നില്‍ക്കുന്ന കുട്ടികള്‍ക്ക് കമ്മീഷനായി ഒരു തുക നല്‍കി പ്രലോഭിപ്പിക്കുകയും ചെയ്യും.


അധികൃതരുടെ കണ്ണ് വെട്ടിച്ച് കണക്കില്‍ പെടാത്ത പണമാണ് ഈ വിധത്തില്‍ വെള്ളപ്പണമാക്കി മാറ്റുന്നതെന്ന് കുട്ടികള്‍ തിരിച്ചറിയുന്നില്ല. ഈ വിധത്തില്‍ നിരവധി സ്‌കൂള്‍ കുട്ടികളാണ് വന്‍ ക്രിമിനല്‍ കുറ്റത്തില്‍ അറിയാതെ ഭാഗഭാക്കാകുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി കുട്ടികളെ പാട്ടിലാക്കിയാണ് തട്ടിപ്പുകാര്‍ ഈ കുറ്റകൃത്യങ്ങളിലേക്ക് കണ്ണി ചേര്‍ക്കുന്നത്. ഇത്തരം തട്ടിപ്പുകളേറിയതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി 307 പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ ഇത് സംബന്ധിച്ച ബോധവല്‍ക്കരണം കുട്ടികള്‍ക്കും ടീച്ചേര്‍സിനും നല്‍കി വരുന്നുവെന്നാണ് ഡെയിലി മെയില്‍ പുറത്ത് വിട്ട വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ കുട്ടികളെ തട്ടിപ്പിലേക്ക് നയിക്കുന്നതിന് തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗിക്കുന്നത് തടയുന്നതിനും അത്തരക്കാരെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിനുമായി സാങ്കേതിക വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്ന പ്രക്രിയ അധികൃതര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

ഇന്‍സ്റ്റാഗ്രാം , സ്‌നാപ് ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ തട്ടിപ്പുകാര്‍ കുട്ടികളെ വലയിട്ട് പിടിക്കാനായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് പകുതിയിലേറെ സ്റ്റുഡന്റ്‌സിനെ ഇത്തരം തട്ടിപ്പുകാര്‍ തട്ടിപ്പില്‍ ഭാഗഭാക്കാകുന്നതിനായി സമീപിച്ചുവെന്നാണ് ക്രൈം പ്രിവന്‍ഷന്‍ ഗ്രൂപ്പായ വി ഫൈറ്റ് ഫ്രോഡ് വെളിപ്പെടുത്തുന്നത്. ഈ തട്ടിപ്പിനായി ബാങ്ക് ഡീറ്റെയില്‍സ് വെളിപ്പെടുത്താന്‍ തയ്യാറാകുന്ന കുട്ടികള്‍ക്ക് ദിവസം തോറും 1000 പൗണ്ട് വരെ നല്‍കാന്‍ തയ്യാറുള്ള തട്ടിപ്പുകാരുമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Previous Post Next Post