വാൽപ്പാറ കൊലപാതകം: സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം; രണ്ടര ലക്ഷം രൂപ പിഴ




കൊച്ചി  : വാൽപ്പാറയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 

പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍, കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായും പോക്‌സോ കോടതി വ്യക്തമാക്കിയിരുന്നു. 

പനങ്ങാട് സ്വദേശിയായ സഫര്‍ഷാ 2020 ജനുവരി ഏഴിന് വാല്‍പ്പാറയില്‍ വെച്ചാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ കൊലപ്പെടുത്തിയത്. അതിരപ്പിള്ളി കാണിക്കാമെന്ന് പറഞ്ഞാണ് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വാല്‍പ്പാറയിലെത്തിച്ച് കൊലപ്പെടുത്തി തേയിലത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശിനിയും എറണാകുളം കലൂരില്‍ താമസക്കാരിയുമായിരുന്ന 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിന് ഉത്തരവാദി സഫര്‍ഷാ ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. 

കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി ജാമ്യം നേടിയതും ഏറെ വിവാദമായിരുന്നു. ഇതു കണ്ടെത്തിയ ഹൈക്കോടതി ജാമ്യം റദ്ദാക്കി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

أحدث أقدم