ഇസ്രയേല്‍-ഹമാസ് പോരാട്ടം: യുകെ തെരുവുകളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്



ഗാസാ മുനമ്പില്‍ നിന്നും ഹമാസ് തീവ്രവാദികള്‍ നടത്തിയ മോഡല്‍ ഭീകരാക്രമണം നേരിടാന്‍ ബ്രിട്ടന്‍ ഒരുങ്ങിയിരിക്കണമെന്ന് പോലീസിനും, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി റിഷി സുനാക്. പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ വിദ്വേഷ മാര്‍ച്ചുകളായി മാറുന്നതിനെതിരെ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.


മിഡില്‍ ഈസ്റ്റില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ അപകടകരമായ സാഹചര്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്താന്‍ സര്‍ക്കാരിന്റെ എമര്‍ജന്‍സി കമ്മിറ്റി കോബ്രാ യോഗത്തില്‍ പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പൊതുസ്ഥലത്തെ പ്രശ്‌നങ്ങളിലും, തീവ്രവാദ സാഹചര്യങ്ങള്‍ക്കും എതിരായ നടപടികള്‍ക്ക് തയ്യാറെടുത്തിരിക്കാനാണ് സുനാക് പോലീസിനോടും, എംഐ5-നോടും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


നിലവില്‍ യുകെയുടെ ഔദ്യോഗിക തീവ്രവാദ ഭീഷണി ലെവല്‍ 'സാധ്യത' എന്ന നിലയില്‍ തന്നെയാണുള്ളത്. ഗാസയിലെ പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് തെരുവിലേക്കും പടരുമെന്ന് മന്ത്രിമാര്‍ ഭയപ്പെടുന്നു. പ്രതിസന്ധി ഭീകരാക്രമണ സാധ്യത വര്‍ദ്ധിപ്പിച്ചതായി മെറ്റ് പോലീസ് കമ്മീഷണര്‍ മാര്‍ക്ക് റൗളി പറഞ്ഞു.


നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രിമാര്‍ കരുതുന്നു. പലസ്തീന്‍ അനുകൂല മാര്‍ച്ചുകളില്‍ ഇസ്രയേലിനെ ഇല്ലാതാക്കണമെന്ന് മുദ്രാവാക്യം ഉയരുന്നതിനെ ഹോം സെക്രട്ടറി അതീവ ഗുരുതരമായാണ് വിശേഷിപ്പിക്കുന്നത്. ഇതെല്ലാം വിദ്വേഷ മാര്‍ച്ചുകളാണെന്ന് ബ്രാവര്‍മാന്‍ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് കോബ്രാ യോഗം വിളിച്ചത്.

أحدث أقدم