ഹമാസിന് വീണ്ടും കനത്ത പ്രഹരം; ദേശീയ സുരക്ഷാ തലവനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രായേൽ


ജറുസലേം: ഹമാസിനെതിരായ പോരാട്ടത്തിൽ വീണ്ടും കനത്ത പ്രഹരം ഏൽപ്പിച്ച് ഇസ്രായേൽ.
വ്യോമാക്രമണത്തിൽ ഹമാസിന്റെ മറ്റൊരു തലവനെ കൂടി വധിച്ചു.


 ഹമാസ് ദേശീയ സുരക്ഷാ തലവൻ ജെഹെദ് മേയ്‌സണിനെയാണ് വധിച്ചത്. പോരാട്ടത്തിനിടെ ഇസ്രായേൽ വധിക്കുന്ന മൂന്നാമത്തെ ഹമാസ് തലവനാണ് ജെഹെദ്.


ഗാസയിലാണ് ഇയാൾ കുടുംബ സമേതം താമസിച്ചിരുന്നത്. വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ജെഹെദ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടെന്നാണ് ഹമാസ് വാർത്താ ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരം. ആക്രമണം നടക്കുമ്പോൾ വീടിനുള്ളിലായിരുന്നു ജെഹെദ്.


കഴിഞ്ഞ ശനിയാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് രണ്ട് ഹമാസ് കമാൻഡർമാരെ വധിച്ചത്. ഹമാസ് കമാൻഡോ ഫോഴ്സിന്റെ കമാൻഡർ അൽ ഖ്വാദി, വ്യോമ വിഭാഗം തലവൻ മുറാദ് അബു മുറാദ് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 


ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കുള്ളവരാണ് ഇരുവരും. ഇവരെ വകവരുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടിരുന്നു.
أحدث أقدم