ശബരിമല വിമാനത്താവളം: ആദ്യ വികസനം ഈ പ്രദേശങ്ങളില്‍; പ്രതീക്ഷയില്‍ ചുങ്കപ്പാറയും റാന്നിയും

 


പത്തനംതിട്ട: ശബരിമല വിമാനത്താവളം വരുന്നതോടെ വികസന പ്രതീക്ഷയിലാണ് സമീപപ്രദേശങ്ങൾ. കോട്ടയം, പത്തനംതിട്ട ജില്ലാ അതിർത്തിയിലാണ് നിർദിഷ്ട പദ്ധതി പ്രദേശം. ജില്ലയിലെ ചുങ്കപ്പാറയും റാന്നിയുമാണ് തൊട്ടടുത്ത സ്ഥലങ്ങൾ. വിമാനത്താവളത്തിലേക്ക് ചുങ്കപ്പാറ, റാന്നി എന്നിവിടങ്ങളില്‍നിന്ന് എട്ട് കിലോമീറ്റർ മാത്രമാണ് ദൂരം. അതിനാൽ തന്നെ ഏറ്റവും ആദ്യം വികസനപ്രവർത്തങ്ങൾ നടക്കേണ്ട പ്രദേശങ്ങളും ഇവ തന്നെ.ഗതാഗത സൗകര്യ വിപുലീകരണം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഉണ്ടാകേണ്ടത്. ഇതുമൂലം ഉണ്ടാകുന്ന പ്രാദേശിക തൊഴിലവസരങ്ങൾക്കായുള്ള പരിശീലനം, ഹോട്ടലുകൾ, ഹോം സ്റ്റേകൾ തുടങ്ങിയവയെല്ലാം ചുങ്കപ്പാറയുടെയും റാന്നിയുടെയും സാധ്യതകളാണ്. നിർദിഷ്ട വിമാനത്താവളത്തിന്‍റെ പ്രധാന കവാടം റാന്നി മുക്കടയിൽ സ്ഥാപിച്ചാൽ ചുങ്കപ്പാറയിൽ നിന്ന് പൊന്തൻപുഴ വഴി മുക്കടക്ക് 7.7 കിലോമീറ്റർ ദൂരമാണുള്ളത്. വാഹനത്തിൽ 10 മിനിറ്റിൽ താഴെ മാത്രം സമയം മതി അവിടെ എത്താൻ. ഇപ്പോൾ ചുങ്കപ്പാറയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 120 ഉം തിരുവനന്തപുരത്തേക്ക് 144 കിലോമീറ്ററുമാണ് ദൂരം. തിരുവല്ലയിൽനിന്ന് ഇവിടെയെത്താൻ രണ്ട് വഴികളുണ്ട്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്ന് റാന്നി വഴി മുക്കട പദ്ധതി പ്രദേശത്തേക്ക് 26 കിലോമീറ്റർ ആണ് ദൂരം.

ഏകദേശം 40 മിനിറ്റാണ് യാത്രാ സമയം. അടൂരില്‍നിന്ന് 44.1 കിലോമീറ്ററും കോഴഞ്ചേരി മുക്കടയില്‍ നിന്ന് 24.4 കിമീ ആണ് ദൂരം. തിരുവല്ല – വെണ്ണിക്കുളം – എഴുമറ്റൂർ – ചുങ്കപ്പാറ – പൊന്തൻപുഴ – മുക്കട വരെ 35.7 കിലോമീറ്റർ. തിരുവല്ല – മല്ലപ്പള്ളി – വായ്പ്പൂര്‍ – കോട്ടാങ്ങൽ – വള്ളംചിറ – കറിക്കാട്ടൂർ – മുക്കട വരെ 43 കീലോമീറ്റർ. ഇത്തരത്തിൽ സമീപ പ്രദേശങ്ങൾ എല്ലാം വിമാനത്താവളം വരുന്നതോടെ വികസിപ്പിക്കാൻ കഴിയും. റാന്നിയിലും ചുങ്കപ്പാറയിലും നിരവധി പുതിയ കെട്ടിടങ്ങൾ പണിയുന്നുണ്ട്. പുതിയവക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുമുണ്ട്. ഹോട്ടൽ, മാളുകൾ എന്നിവയ്ക്കും പലരും സാധ്യത തേടുകയാണ്. നാഗപ്പാറ ഇക്കോ ടൂറിസം പദ്ധതിക്കും വലിയകാവ് വനത്തിലെ ജൈവോദ്യാനത്തിനും പദ്ധതി നടപ്പിലാക്കുമ്പോൾ സന്ദർശകരെ ആകർഷിക്കാൻ കഴിയും.പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിന്ന് പൊന്തൻപുഴ വഴി ചുങ്കപ്പാറയിലേക്ക് എത്താൻ 4.9 കി.മി റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കേണ്ടി വരും. ഇത് വിമാനത്താവള നഗരസമുച്ചയത്തിന്‍റെ ഭാഗമാക്കി ചുങ്കപ്പാറയെ മാറ്റും. കോട്ടാങ്ങൽ പടയണി ഉൾപ്പെടെ ലോകസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന നിരവധി കലാ രൂപങ്ങൾ നാട്ടിലുണ്ട്. റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളിലും വികസന രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാൻ വിമാനത്താവളത്തിന് കഴിയും. അയിരൂർ, ചെറുകോൽ പഞ്ചായത്തുകൾക്കും പദ്ധതി ഗുണം ചെയ്യും. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളിലൊന്നായ പുനലൂർ – മൂവാറ്റുപുഴ കടന്നുപോകുന്നത് റാന്നി ടൗണിന്‍റെ മധ്യത്തിലൂടെയാണ്. നിർദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്തുനിന്ന് 51 കിലോമീറ്ററാണ് ശബരിമലയിലേക്കുള്ള ദൂരം. ഒന്നേകാൽ മണിക്കൂറാണ് യാത്രാ സമയമായി പറയുന്നത്. വിമാനത്താവളം പ്രാവര്‍ത്തികമാകുമ്പോൾ പെരുനാട്, വടശേരിക്കര പഞ്ചായത്തുകൾക്കും വികസന കുതിപ്പിന് സാധ്യത ഏറെയാണ്.

أحدث أقدم