ആലപ്പുഴ: നായ്ക്കളിലുണ്ടാകുന്ന തൊലിപ്പുറത്തെ വെെറസ് ബാധ വൻതോതിൽ വർദ്ധിക്കുന്നതായി ആരോഗ്യ വിദഗ്ധർ. ഇത് മനുഷ്യരിലേക്കും പടരാമെന്നും അധികൃതർ അറിയിച്ചു. റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളിലാണ് തൊലി അഴുകി പോകുന്ന വൈറസ് ബാധ കണ്ടുവരുന്നത്. കാലാവസ്ഥ മാറ്റവും ശുചിത്വമില്ലായ്മയും രോഗപ്രതിരോധ ശേഷിക്കുറവുമാണ് ചർമ രോഗം വർദ്ധിക്കാൻ കാരണമായി പറയുന്നത്.
തെരുവ് നായ്ക്കൾ കൂട്ടത്തോടെ നടക്കുന്നതും തമ്മിൽ കടിപിടികൂടുന്നതിലൂടെയുമാണ് വൈറസ് ബാധ വ്യാപിക്കുന്നത്. ഇത്തരത്തിലുള്ള തെരുവ് നായ്ക്കൾക്ക് വലിയ തോതിലുള്ള ചൊറിച്ചിൽ അനുഭവപ്പെടുകയും ഇത് മൂലം ശരീരത്തിലെ രോമം കൊഴിഞ്ഞ് ഈ ഭാഗത്ത് ചുവന്ന് തടിക്കുകയും ചെയ്യും. ഈ അവസ്ഥയെ ഡെർമാറ്റോ മൈക്കോ സിസ് (Dermato mycosis) എന്നാണ് മൃഗഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. നിലവിൽ ഇത് നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരിലേക്ക് വളരെ വേഗം വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.