സൗരജ്വാലയുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ എൽ-1…


 
സൗരജ്വാലയുടെ തീവ്രത ഒപ്പിയെടുത്ത് ആദിത്യ എൽ-1. പേടകത്തിന്റെ ഹൈ എനർജി എൽ1 ഓർബിറ്റിംഗ് എക്സ്-റേ സ്പെക്ട്രോമീറ്റർ (HEL1OS) എന്ന പേലോഡാണ് സൗരജ്വാലയുടെ തീവ്രത അളന്നത്. ഒക്ടോബർ 29ന് നടത്തിയ നിരീക്ഷണത്തിലാണ് ഒരു സൗരജ്വാലയെ സംബന്ധിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതെന്ന് ഇസ്രോ അറിയിച്ചു.

സൂര്യന്റെ അന്തരീക്ഷത്തിൽ നിന്ന് ക്ഷണനേരം കൊണ്ട് സ്ഫോടനാത്മകമായി പ്രകാശം
പ്രവഹിക്കുന്നതിനെയാണ് സൗരജ്വാല എന്ന് പറയുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ വൈദ്യുതകാന്തിക
വികിരണത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. കൊറോണൽ മാസ് ഇജക്ഷനുകൾ, സോളാർ കണിക
സംഭവങ്ങൾ തുടങ്ങിയവയ്ക്കൊപ്പവും അല്ലാതെയും സൗരജ്വാല ഉണ്ടാകുന്നു. ഓരോ സൗരജ്വാലയും
വ്യത്യസ്തപ്പെട്ടിരിക്കുന്നു.

സൂര്യന്റെ അന്തരീക്ഷത്തിൽ സംഭരിച്ചിരിക്കുന്ന കാന്തിക ഊർജ്ജം ചുറ്റുമുള്ള പ്ലാസ്മയിലെ ചാർജ്ജ്
കണങ്ങളെ ത്വരിതപ്പെടുത്തുമ്പോൾ സൗരജ്വാലകൾ സംഭവിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന
അളവിൽ ഊർജ്ജം പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക വികിരങ്ങളെയാണ് സൗരജ്വാലകൾ
പുറത്തുവിടുന്നത്. എക്സ്-റേകളിലും ഗാമാ-റേകളിലും പതിറ്റാണ്ടുകളായി ഈ ജ്വാലകൾ കണ്ടെത്തി പഠനം
നടത്തിയിട്ടുണ്ടെങ്കിലും പെട്ടെന്നുണ്ടാകുന്ന മഹാജ്വാലകളെ അടിസ്ഥാനപരമായി പഠിക്കാനോ
മനസിലാക്കാനോ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായാണ് ആദിത്യ
എൽ-1ൽ HEL1OS പേലോഡിനെ സജ്ജമാക്കിയിരിക്കുന്നത്.

ബെംഗളൂരുവിലെ ഐഎസ്ആർഒയിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ ബഹിരാകാശ ജ്യോതിശാസ്ത്ര ഗ്രൂപ്പാണ് HEL1OS വികസിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 വിക്ഷേപിച്ചത്.
أحدث أقدم